തീവ്രവാദ ഗ്രൂപ്പുമായി ബന്ധമെന്ന് സംശയം; സെര്‍ച്ച് വാറണ്ടിനിടെ വീട്ടില്‍ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തതായി വാന്‍കുവര്‍ പോലീസ് 

By: 600002 On: Nov 16, 2024, 9:43 AM

 


വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വാന്‍കുവറില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി വാന്‍കുവര്‍ പോലീസ് അറിയിച്ചു. വിക്ടോറിയ ഡ്രൈവിന് സമീപമുള്ള ഈസ്റ്റ് ഫസ്റ്റ് അവന്യുവിലെ 1800 ബ്ലോക്കിലെ ഒരു വീട്ടില്‍ സെര്‍ച്ച് വാറണ്ട് നടപ്പിലാക്കുന്നതിനിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തിയെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ വിട്ടയച്ചതായി വിപിഡി വക്താവ് സര്‍ജന്റ് സ്റ്റീവ് അഡിസണ്‍ പറഞ്ഞു. പിടിയിലായിരുന്ന വ്യക്തി താമസിച്ചിരുന്ന വീട് സാമിഡൗണ്‍ പലസ്തീന്‍ പ്രിസണര്‍ സോളിഡാരിറ്റി നെറ്റ്‌വര്‍ക്ക് ഡയറക്ടര്‍ ഷാര്‍ലറ്റ് ലിന്‍ കേറ്റ്‌സിന്റേതാണെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം, അമേരിക്കയുമായുള്ള സംയുക്ത നടപടിയില്‍ കനേഡിയന്‍ സര്‍ക്കാര്‍ സമിഡൗണിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. 

പരിശോധനയ്ക്കായി കേറ്റ്‌സിന്റെ വീട്ടിലെത്തിയ വിപിഡി വീടിന്റെ ജനല്‍ തകര്‍ത്താണ് അകത്ത് കയറിയതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പോലീസിന്റെ നടപടിയില്‍ ഞെട്ടലുണ്ടായെന്ന് വീടിന് അടുത്ത് താമസിക്കുന്ന ഡാരിയന്‍ ടൂറണ്ട് പറഞ്ഞു. മൂന്ന് വര്‍ഷമായി വീടിന് അടുത്ത് താമസിക്കുന്നു, ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരാണ് അവരെന്നും, ഒരു തലത്തിലും അപകടകാരികളോ തീവ്രവാദികളോ ആണെന്ന് കരുതുന്നില്ലെന്നും ടൂറണ്ട് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, വിപിഡിയുടെ മെജര്‍ ക്രൈം സെക്ഷനും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും വീട്ടിലെത്തിയിട്ടുണ്ടെന്ന് അഡിസണ്‍ വ്യക്തമാക്കി. പരസ്യമായി വിദ്വേഷ പ്രസ്താവനകള്‍ ഉയര്‍ത്തുന്നത് കൈകാര്യം ചെയ്യുന്ന ക്രിമിനല്‍ കോഡിന്റെ സെക്ഷന്‍ 319 പ്രകാരം പിടിയിലായ വ്യക്തിയെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.