കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടക്കുമ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാമെന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. നവംബര്‍ 15 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ അറിയിച്ചു. മുമ്പ് ആഴ്ചയില്‍ 20 മണിക്കൂറായിരുന്നു ജോലിയുടെ പരിധി. ഏപ്രിലിലാണ് പുതിയ നിയമം മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചത്.
ക്ലാസുകള്‍ നടക്കാത്ത സമയത്ത്, അക്കാദമിക് നിബന്ധനകള്‍ക്കിടയിലുള്ള ഇടവേളകളില്‍ കാമ്പസിന് പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എത്ര മണിക്കൂര്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ സാധിക്കും. ആവശ്യമെങ്കില്‍ ജോലി ചെയ്യാനുള്ള അവസരമുള്ളപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ പ്രധാനമായും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് മാറ്റം ലക്ഷ്യമിടുന്നതെന്ന് മില്ലര്‍ ചൂണ്ടിക്കാട്ടി.