കാനഡയിൽ എഐ ഉപയോഗിച്ചുള്ള യാത്രാ തട്ടിപ്പുകൾ കൂടുന്നു

By: 600110 On: Nov 15, 2024, 3:10 PM

 

 

യാത്രകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ സമീപകാലത്ത് കൂടുന്നതായി റിപ്പോർട്ട്.ഒന്നര വർഷത്തിനിടെ 900 ശതമാനത്തോളാണ് ഇത്തരം തട്ടിപ്പുകൾ കൂടിയിട്ടുള്ളതെന്ന് ബുക്കിങ് ഡോട്ട് കോം സെക്യൂരിറ്റി ഓഫീസർ അറിയിച്ചു. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയുക ബുദ്ധിമുട്ടായി മാറിയിരിക്കുന്നുവെന്നും ഈ രംഗത്തുള്ളവർ പറയുന്നു.

രണ്ട് വർഷം മുൻപ് ഇത്തരം തട്ടിപ്പുകളിലൂടെയുണ്ടാകുന്ന ശരാശരി നഷ്ടം 602 അമേരിക്കൻ ഡോളറോളം ആയിരുന്നു. എന്നാൽ ഭാവിയിൽ ഇത് കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എഐയുടെ കടന്നുവരവിലൂടെ ഇത്തരം തട്ടിപ്പുകൾ എളുപ്പമായിരിക്കുകയാണ്. എഐ ഉപയോഗിച്ച് വ്യാജ എയർലൈൻ, ഹോട്ടൽ ബുക്കിങ് സൈറ്റുകൾ ഉണ്ടാക്കുക തട്ടിപ്പുകാർക്ക് എളുപ്പമായിട്ടുണ്ട്. വലിയ ഇളവുകളായിരിക്കും ഇവർ വാഗ്ദാനം ചെയ്യുക. അതിൽ ആകൃഷ്ടരായി പലരും തട്ടിപ്പുകൾക്ക് ഇരയാവുകയും ചെയ്യും. ഇതൊഴിവാക്കാൻ സംശയകരമായ യുആർഎല്ലുകൾ, അക്ഷരത്തെറ്റുകൾ എന്നിവ ശ്രദ്ധിക്കണമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇത്തരം ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ചാറ്റ് ബോട്ടുകളും രംഗത്തുണ്ട്. 

പാസ് വേഡുകളും പിൻ നമ്പറുകളും അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുന്ന ഫിഷിംഗ് ഇമെയിലുകളും സജീവമാണ്. പലപ്പോഴും റിവ്യൂ നോക്കിയാണ് പലരും സേവനങ്ങൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ എഐ ഉപയോഗിച്ചെഴുതുന്ന വ്യാജ റിവ്യുകളും ഇപ്പോൾ വ്യാപകമാണ്. അതിനാൽ ക്രെഡിറ്റ് കാർഡ് നമ്പറുകൾ അടക്കമുള്ള സ്വകാര്യ വിവരങ്ങൾ വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കണമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.