എഡ്മൻ്റണിൽ വസ്തു നികുതി അടുത്ത വർഷം 8.1 ശതമാനം ഉയർന്നേക്കും

By: 600021 On: Nov 15, 2024, 3:04 PM

എഡ്മൻ്റണിലെ വസ്തു നികുതി അടുത്ത വർഷത്തോടെ  8.1 ശതമാനം ഉയർന്നേക്കാമെന്ന് റിപ്പോർട്ട്. അതേസമയം കാൽഗറിയിൽ  വെറും 3.6 ശതമാനം നികുതി വർദ്ധനവാണ്  പ്രതീക്ഷിക്കുന്നത്. വൈദ്യുതി ചെലവ് കുറഞ്ഞതും കരുതൽ ധനസഹായം കൈകാര്യം ചെയ്യുന്നതിലടക്കം മികച്ച നേട്ടം കൈവരിക്കാനായതും കാൽഗറിക്ക് ഗുണമായെന്നാണ് വിലയിരുത്തൽ. 

എന്നാൽ എഡ്മൻ്റണിൽ സ്ഥിതി വ്യത്യസ്തമാണ്. പണപ്പെരുപ്പവും ജനസംഖ്യാ വളർച്ചയും അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, ഏകദേശം 90 മില്യൺ ഡോളറിൻ്റെ ബജറ്റ് കമ്മിയാണ് നേരിടുന്നത്. ഇത് പരിഹരിക്കാൻ നികുതി വർദ്ധന അനിവാര്യമാണെന്നാണ് എഡ്മൻ്റൺ ഭരണാധികാരികളുടെ വിശദീകരണം. എഡ്മൻ്റണിലെ ഒരു ദശാബ്ദത്തോളം പഴക്കമുള്ള ബജറ്റിങ് സംവിധാനം വെല്ലുവിളി നിറഞ്ഞതാണെന്ന് എഡ്മൻ്റൺ മേയർ പറഞ്ഞു. താഴ്ന്ന വസ്തു നികുതി, നികുതി  മരവിപ്പിക്കൽ,  ലേബർ ചെലവുകൾക്കായി കൃത്യമായി ബജറ്റ് തയ്യാറാക്കാത്തത് തുടങ്ങിയവ തിരിച്ചടിയായെന്ന്  മേയർ അമർജിത് സോഹി പറഞ്ഞു. നികുതി ലെവി 8 .1 ശതമാനത്തിൽ നിന്ന് കുറയ്ക്കാൻ പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.