ടൊറന്റോയില്‍ ടെസ്ല കാര്‍ അപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ച സംഭവം: കാറിന്റെ ഇലക്ട്രോണിക് ഡോറുകള്‍ ജാം ആയതാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടിയതെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Nov 14, 2024, 11:03 AM

 


കാനഡയില്‍ ഇന്ത്യന്‍ വംശജരായ നാല് യുവാക്കള്‍ ടെസ്ല കാറില്‍ തീപിടിച്ച് ദാരുണമായി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടത്തെ തുടര്‍ന്ന് കാറിന്റെ ഇലക്ട്രോണിക് ഹാന്‍ഡില്‍ പ്രവര്‍ത്തനരഹിതമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്ല മോഡല്‍ Y  കാറാണ് അപകടത്തില്‍പ്പെട്ടത്. ഒക്ടോബര്‍ 24 ന് ടൊറന്റോയിലെ ലേക്ക്‌ഷോര്‍ ബൊളിവാര്‍ഡ് ഈസ്റ്റിലാണ് അപകടം നടന്നത്. ഡിവൈഡറില്‍ ഇടിച്ച കാറിന്റെ ബാറ്ററിയില്‍ നിന്നും തീ പടരുകയും വാഹനം കത്തിയമരുകയുമായിരുന്നുവെന്നാണ് നിഗമനം. ഗുജറാത്തിലെ ഗോധ്ര സ്വദേശികളായ കേതബ ഗൊഹില്‍(30), സഹോദരന്‍ നീല്‍രാജ് ഗൊഹില്‍(26), ആനന്ദ് സ്വദേശികളായ ദിഗ്വിജയ് പട്ടേല്‍(32), ജയ് സിസോദിയ(20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. 
 
ലോഹത്തടി ഉപയോഗിച്ച് കാറിന്റെ വിന്‍ഡോ തകര്‍ത്താണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചതെന്ന് അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അതിലെ യാത്ര ചെയ്യുകയായിരുന്ന കാനഡ പോസ്റ്റ് ജീവനക്കാരന്‍ റിക്ക് ഹാര്‍പ്പര്‍ പറയുന്നു. ഗാര്‍ഡ്‌റെയിലില്‍ കാര്‍ ഇടിച്ചപ്പോള്‍ കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 

ടെസ്ല കാറുകളില്‍ ഡോറുകള്‍ തുറക്കാന്‍ ഇലക്ട്രോണിക് ബട്ടണുകളാണ് ഉപയോഗിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് തകരാര്‍ ഡോറുകള്‍ ജാം ആക്കാന്‍ ഇടയാക്കിയിട്ടുണ്ടാകും. അതിനാല്‍ അകത്തുനിന്നും ഡോര്‍ തുറന്ന് പുറത്തേക്ക് വരാന്‍ സാധിക്കാതെ വന്നു. പുറത്തുനിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വിന്‍ഡോഗ്ലാസുകള്‍ തകര്‍ക്കേണ്ടിയും വന്നു. അപടകടം ടെസ്ല കാറിന്റെ സുരക്ഷയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാധാരണ ഹാന്‍ഡിലുകള്‍ക്ക് പകരം ഇലക്ട്രോണിക് ബട്ടണുകള്‍ ഡോറുകള്‍ തുറക്കാന്‍ ആവശ്യമായി വരുമ്പോള്‍ അപകട സാധ്യത വര്‍ധിപ്പിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.