ട്രംപിൻ്റെ ഗർഭഛിദ്രവിരുദ്ധ നിലപാടിൽ ആശങ്കയിലായി അമേരിക്കൻ സ്ത്രീകൾ

By: 600110 On: Nov 14, 2024, 9:07 AM

 

 

 

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും പ്രസിഡൻ്റായി  തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗർഭനിരോധനത്തിനുള്ള മാർഗ്ഗങ്ങൾ തേടുന്നവരുടെ എണ്ണം കൂടുന്നു. ട്രംപ് ഗർഭഛിദ്രത്തിന് എതിരായതു കൊണ്ട് തന്നെ അധികാരത്തിൽ എത്തിയാൽ എന്ത് നിലപാടുകൾ എടുക്കും എന്നതിൽ ഏവർക്കും ആശങ്കയുള്ളതായാണ് റിപ്പോർട്ടുകൾ. 

ട്രംപ് വിജയിച്ചതിന് പിന്നാലെ  ഗർഭനിരോധനത്തിനുള്ള സ്ഥിരം മാർഗ്ഗങ്ങൾ തേടി നിരവധി സന്ദേശങ്ങൾ എത്തിയതായി ഡോക്ടർമാർ  പറയുന്നു. ദീർഘകാല ജനന നിയന്ത്രണത്തിനും സ്ഥിരമായ വന്ധ്യംകരണത്തിനുമുള്ള മാർഗ്ഗങ്ങളാണ് കൂടുതൽ പേരും അന്വേഷിക്കുന്നത്. അടിയന്തര ഗർഭനിരോധന ഗുളികകളും ഗർഭച്ഛിദ്ര ഗുളികകളും വിൽക്കുന്ന കമ്പനികൾക്ക് കൂടുതൽ ഓർഡറുകളും ലഭിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 60 മണിക്കൂറിനുള്ളിൽ അടിയന്തര ഗർഭനിരോധന മാർഗ്ഗങ്ങളുടെ വിൽപ്പനയിൽ 966% വർദ്ധനവാണ് ഉണ്ടായത്. 2016ൽ ട്രംപ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ഗർഭനിരോധന മാർഗ്ഗങ്ങളുടെ വിൽപ്പനയിൽ വർധനയുണ്ടായിരുന്നു. 2022ൽ റോയ് വേഴ്സസ് വേഡ് കേസിലെ വിധി സുപ്രീം കോടതി അസാധുവാക്കിയ സമയത്തും വർധന ശ്രദ്ധയിൽ പെട്ടതായി  നോർത്ത് കരോലിന ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഡോക്ടർ അൽഫോൻസോ പറഞ്ഞു. എന്നാൽ അന്നത്തെ അപേക്ഷിച്ച് സ്ത്രീകൾ ഇപ്പോൾ കൂടുതൽ ഭയപ്പെടുന്നതായും അവർ പറഞ്ഞു.

മെയ് മാസത്തിൽ ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ, ഗർഭനിരോധന നിയമങ്ങളെ പിന്തുണയ്ക്കാൻ താൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് കൂടുതൽ ചർച്ചയാതോടെ ഈ നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു. ഗർഭഛിദ്രം ഭരണഘടനാ വിധേയമാക്കിയിരുന്ന 1973 ലെ വിധി അമേരിക്കൻ സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ഗർഭഛിദ്രം പൂർണമായോ ഭാഗികമായോ നിരോധിക്കുന്ന നിലപാടാണ് റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലേറെയും പിന്തുടരുന്നത്. ഗർഭഛിദ്ര നിരോധനം രാജ്യവ്യാപകമായി നടപ്പാക്കുമെന്നാണ് ട്രംപിന്റെ നിലപാട് . അതുകൊണ്ട് തന്നെയാണ് ഗർഭനിരോധന മാർഗ്ഗങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നത്