യുഎസ് സർക്കാരിൽ പുതുതായി രൂപീകരിക്കുന്ന കാര്യക്ഷമതാ വകുപ്പായ DOGE ൻ്റെ ചുമതലയാണ് ഇലോൺ മസ്കിന്. ഇന്ത്യൻ അമേരിക്കൻ സംരംഭകൻ വിവേക് രാമസ്വാമിക്കും ഇതേ വകുപ്പിൽ സുപ്രധാന ചുമതലകൾ നൽകിയിട്ടുണ്ട്.അടുത്ത നാല് വർഷത്തേക്കാണ് ചുമതല.
ക്യാമ്പിനറ്റിൻ്റെ നേരിട്ടുള്ള ഭാഗമായി ആയിരിക്കില്ല പ്രവർത്തനം . പുറത്ത് നിന്ന് സേവനം ചെയ്യുന്ന സുപ്രധാന ഏജൻസിയായിട്ടാകും ഇതിൻ്റെ പ്രവർത്തനം. ഗവൺമെൻ്റ് പ്രവർത്തനങ്ങൾ ലളിതവും കൂടുതൽ കാര്യക്ഷമവുമാക്കുകയാണ് 59കാരനായ മസ്കിൻ്റെയും 39കാരനായ വിവേക് രാമസ്വാമിയുടെയും ചുമതല. അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നിവ ഇവരുടെ ചുമതലകളിൽ ഉൾപ്പെടുന്നു. നേരത്തെ പ്രസിഡൻ്റ് സ്ഥാനാർഥിയാകാൻ വിവേക് രാമസ്വാമി മുന്നിലുണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിനായി വിവേക് വഴിമാറുകയായിരുന്നു.
മാറ്റങ്ങളിലൂടെ ബ്യൂറോക്രസിയെ കൂടുതൽ കാര്യക്ഷമമാക്കാനും എല്ലാ അമേരിക്കക്കാരുടെയും ജീവിതം മികച്ചതാക്കാനും ഇലോണും വിവേകും ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞു. ഗവൺമെൻ്റിലെ മാലിന്യങ്ങളെയും തട്ടിപ്പുകളെയും പുറത്താക്കുമെന്നും ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അഴിമതി കാണിക്കുന്നവർ മാത്രം പേടിച്ചാൽ മതിയെന്നും സുതാര്യതയ്ക്കായി DOGE ൻ്റെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിൽ പോസ്റ്റു ചെയ്യുമെന്നം ഇലോൺ മസ്കും അറിയിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയതിന് പിന്നാലെ ഇലോൺ മസ്കിനെ സൂപ്പർ ജീനിയസ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് വിജയത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇലോൺ മസ്ക്. സുപ്രധാന സ്റ്റേറ്റായിരുന്ന പെൻസിൽവാനിയയിൽ ഉൾപ്പെടെ രണ്ടാഴ്ചയോളം ഇലോൺ മസ്ക് പ്രചാരണം നടത്തിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് 100 മില്യൺ ഡോളറിലധികം മസ്ക് സംഭാവനയായി നൽകുകയും ചെയ്തിരുന്നു