കാനഡയിൽ പക്ഷിപ്പനി ബാധിച്ച കൗമാരക്കാരൻ്റെ നില ഗുരുതരം

By: 600110 On: Nov 14, 2024, 6:34 AM

 

കാനഡയിൽ പക്ഷിപ്പനി ബാധിച്ച് ചികിൽസയിൽ തുടരുന്ന കൗമാരക്കാരൻ്റെ നില ഗുരുതരം. നേരത്തേ കൗമാരക്കാരൻ്റെ ആരോഗ്യ നില തൃപ്തികരമായിരുന്നു. എന്നാൽ ചൊവ്വാഴ്ചയോടെ നില വഷളാവുകയായിരുന്നു എന്ന് ബിസി പ്രൊവിൻഷ്യൽ ഹെൽത്ത് ഓഫീസർ ഡോ. ബോണി ഹെൻറി പറഞ്ഞു. രോഗിക്ക് എങ്ങനെയാണ് അണുബാധയുണ്ടായതെന്നും അവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ ആരൊക്കെയെന്നും കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്.  

രോഗലക്ഷണങ്ങളോടെ   ആരും  ആശുപതികളിൽ ചികിത്സ തേടാത്തത് ആശ്വാസകരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.  സംശയാസ്പദമായ വൈറസുകളെ ടെസ്റ്റ് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ലാബുകളിൽ ഒരുക്കിയിട്ടുണ്ട്. 
ബിസി സിഡിസി ലാബിൽ നടത്തുന്ന പിസിആർ ടെസ്റ്റുകളിൽ പൂർണ വിശ്വാസമുണ്ടെങ്കിലും,പോസിറ്റീവ് ആണെന്ന് വീണ്ടും  സ്ഥിരീകരിക്കാൻ, വിന്നിപെഗിലെ നാഷണൽ മൈക്രോബയോളജി ലബോറട്ടറിയിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന്   ഹെൻറി കൂട്ടിച്ചേർത്തു. H5N1, H7N9,  H7N7,  H9N2 ഉൾപ്പെടെയുള്ള  ഏവിയൻ ഇൻഫ്ളുവൻസ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും  രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

മനുഷ്യരിൽ രോഗബാധയേറ്റാൽ അൻപത്  ശതമാനം വരെ മരണസാധ്യതയുള്ള വകഭേദമാണ് H5N1. രോഗബാധയേറ്റ പക്ഷികളിൽ നിന്നും അവയെ കശാപ്പ്   ചെയ്യുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പടരാൻ ഏറ്റവും കൂടുതൽ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.   കാനഡയിൽ  പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആളുകൾ  ശുചിത്വം ഉറപ്പാക്കണമെന്നും കൈകൾ വൃത്തിയായി കഴുകണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്