കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിശ്ചയിച്ച സമയപരിധിയില്‍ അധികമായി തുടരുന്ന ഇന്ത്യന്‍ വംശജ സുനിത വില്യംസിന്‍റെ കഴിഞ്ഞയാഴ്‌ച പുറത്തുവന്ന ചിത്രം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. കവിളുകള്‍ ഒട്ടി, ഭാരം നന്നേ കുറഞ്ഞതായി തോന്നിക്കുന്ന സുനിതയുടെ ചിത്രത്തിന് പിന്നാലെ അവരുടെ ആരോഗ്യത്തെ കുറിച്ച് ഏറെ ആശങ്കകളും ചര്‍ച്ചകളും ഉയരുകയായിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യത്തെ സംബന്ധിച്ച് ലോകത്താകമാനം ആശങ്കകള്‍ പെരുകവെ പ്രതികരിച്ചിരിക്കുകയാണ് സുനിത വില്യംസ്.
'അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയപ്പോഴുള്ള അതേ ഭാരം തന്നെയാണ് എനിക്ക് ഇപ്പോഴുമുള്ളത്. ഭാരം കുറഞ്ഞതായി ചിത്രങ്ങളില്‍ തോന്നിക്കുന്നത് മൈക്രോഗ്രാവിറ്റിയില്‍ ശരീരത്തില്‍ സംഭവിക്കാറുള്ള സാധാരണമായ ഫ്ലൂയിഡ് ഷിഫ്റ്റ് കാരണമാണ്. അല്ലാതെ, മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നത്താലല്ല. ദിനേനയുള്ള വ്യായാമമാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ പൂര്‍ണ ആരോഗ്യത്തോടെ ഇത്രയും നാള്‍ കഴിയാന്‍ എന്നെ പ്രാപ്‌യാക്കുന്നത്. എക്കാലത്തെയും മികച്ച ആരോഗ്യനിലയിലാണ് ഇപ്പോള്‍ ഞാനുള്ളത്' എന്നും സുനിത വില്യംസ് ന്യൂ ഇംഗ്ലണ്ട് സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലെ വീഡിയോ അഭിമുഖത്തില്‍ നവംബര്‍ 12ന് പറഞ്ഞു. ഐഎസ്എസില്‍ ട്രെഡ്‌മില്‍, സ്റ്റേഷനറി ബൈക്ക്, വെയിറ്റ്‌ലിഫ്റ്റിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ സുനിത വില്യംസ് ചെയ്യുന്നുണ്ട്.
ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിവരാനാവാതെ ജൂൺ മുതൽ ഐഎസ്എസില്‍ തുടരുകയാണ്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതിയെങ്കിലും സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാര്‍ മടക്കയാത്ര വൈകിപ്പിക്കുകയായിരുന്നു. 2025 ഫെബ്രുവരിയില്‍ സ്പേസ് എക്‌സിന്‍റെ ക്രൂ-9 സംഘത്തിനൊപ്പമാണ് ഇരുവരെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരിക. ഇത്രയും ദീര്‍ഘകാലം ബഹിരാകാശത്ത് തുടരാനുള്ള ആരോഗ്യം സുനിത വില്യംസിനുണ്ടോ എന്ന ചോദ്യമാണ് വിവാദ ചിത്രം പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നത്. എന്നാല്‍ സുനിത വില്യംസ് പൂര്‍ണ ആരോഗ്യവതിയാണ് എന്നാണ് നാസ നല്‍കുന്ന വിശദീകരണവും.
നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എക്‌സ്‌പെഡീഷന്‍ 72 പര്യവേഷണ സംഘത്തിനെ നയിക്കുകയാണ് സുനിത വില്യംസ്. അമേരിക്കന്‍, റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണിത്. സുനിത വില്യംസും സ്റ്റാര്‍ലൈനറിലെ സഹസഞ്ചാരിയായ ബുച്ച് വില്‍മോറും അടക്കം ഐഎസ്എസിലുള്ള എല്ലാ ബഹിരാകാശ സഞ്ചാരികളും പൂര്‍ണ ആരോഗ്യാവസ്ഥയിലാണ് എന്നാണ് നാസ വ്യക്തമാക്കുന്നത്.