ബ്രിട്ടീഷ് കൊളംബിയ മുൻ പ്രീമിയർ ജോൺ ഹോർഗൻ അന്തരിച്ചു

By: 600110 On: Nov 13, 2024, 12:20 PM

ബ്രിട്ടീഷ് കൊളംബിയ മുൻ  പ്രീമിയർ ജോൺ ഹോർഗൻ അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. 65 വയസ്സായിരുന്നു.   അദ്ദേഹത്തിൻ്റെ കുടുംബമാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. വിക്ടോറിയയിലെ ബിസി കാൻസർ സെൻ്ററിൽ, റോയൽ ജൂബിലി ഹോസ്പിറ്റലിൽ വച്ചായിരുന്നു  അന്ത്യം.  

ബ്രിട്ടീഷ് കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പ്രീമിയർമാരിൽ ഒരാളായിരുന്നു ഹോർഗൻ. പലപ്പോഴും അദ്ദേഹത്തിൻ്റെ ജനപ്രീതി റേറ്റിംഗുകൾ 60 ശതമാനത്തിന് മുകളിലായിരുന്നു. 2017 ജൂലൈ മുതൽ 2022 ഒക്ടോബർ 21 വരെയാണ് ജോൺ ഹോർഗൻ ബിസിയുടെ പ്രീമിയറായി സേവനം അനുഷ്ഠിച്ചത്. 2017ലെ തിരഞ്ഞെടുപ്പിലാണ് ഹോർഗൻ ദേശീയപ്രാധാന്യമുള്ള നേതാവായി ഉയർന്നത്. ഹോർഗനും എൻഡിപിയും ചേർന്ന് ബിസിയിലെ  87 സീറ്റുകളിൽ 41 എണ്ണം നേടിയാണ് സർക്കാർ രൂപീകരിച്ചത്. ജനങ്ങൾക്ക് ഏറെ ഉപകാരമുള്ള ഒട്ടേറെ പദ്ധതികൾ, ഭരണത്തിൻ്റെ ആദ്യപാദത്തിൽ തന്നെ അദ്ദേഹം കൊണ്ടു വന്നു. മെഡിക്കൽ സർവീസ് പ്രീമിയം പ്ലാൻ ഫീസ് ഒഴിവാക്കിയതും, രണ്ട് മെട്രോ വാൻകൂവർ ബ്രിഡ്ജുകളിലെ ടോളുകൾ അവസാനിപ്പിച്ചതും അദ്ദേഹത്തിൻ്റെ ഭരണകാലത്തായിരുന്നു. ഇതിനു പുറമെ വിവിധ സാമൂഹിക സഹായ പദ്ധതികൾക്കും അദ്ദേഹം തുടക്കമിട്ടു.COVID-19 പാൻഡെമിക് കൈകാര്യം ചെയ്തതിലും അദ്ദേഹം ഏറെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. 

2021-ൽ പ്രീമിയറായി സേവനമനുഷ്ഠിക്കവെയാണ് ഹോർഗന് തൊണ്ടയിൽ കാൻസർ  കണ്ടെത്തിയത്. ഇതേ തുടർന്ന് 2022-ൽ അദ്ദേഹം പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഹോർഗൻ്റെ മരണത്തിൽ അനുശോചനം അർപ്പിച്ചു.ബിസിയെ അതിൻ്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നയിച്ച ഭരണാധികാരിയാണ് ഹോർഗൻ എന്ന് ജസ്റ്റിൽ ട്രൂഡോ പറഞ്ഞു