പാർലമെൻ്റ് ഹില്ലിലെ ഇസ്രായേൽ അനുകൂല റാലിയിൽ ബോംബേറ് നടത്താൻ രണ്ട് കൌമാരക്കാർ പദ്ധതിയിട്ടതായി ആരോപണം. കഴിഞ്ഞ ഡിസംബർ, ഫെബ്രുവരി മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും അറസ്സിൻ്റെ കൂടുതൽ വിവരങ്ങൾ അന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ഗ്ലോബൽ ന്യൂസാണ് അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഓട്ടവക്കാരായ കൗമാരക്കാർ റാലിക്ക് നേരെ ബോംബെറിയാൻ പദ്ധതിയിട്ടിരുന്നതായി പരാമർശങ്ങളുള്ളത്. അസെറ്റോൺ, ഓക്‌സിഡൈസർ, മെറ്റൽ ബോൾ ബെയറിംഗുകൾ എന്നിവ കൈവശം വച്ചതിന്, ഇവരിൽ ഒരാൾക്കെതിരെ കുറ്റവും ചുമത്തിയിട്ടുണ്ട്. കാനഡയിൽ ജൂത സ്‌കൂളുകൾക്ക് നേരെ വെടിവയ്പുകൾ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാ ഇത്തരം ഒരു കേസ്.
ഐഎസ്ഐഎസ് അഥവ ദാഇഷ് ആയിരിക്കാം ഇതിന് പിന്നിലെന്നാണ് ഇൻ്റഗ്രേറ്റഡ് ടെററിസം അസസ്‌മെൻ്റ് സെൻ്ററിൻ്റെ നിഗമനം. ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലായിരിക്കാം ഇത്. ഐഎസ്ഐഎസുമായി ബന്ധപ്പെട്ട കേസുകൾ കഴിഞ്ഞ വർഷം ഉയർന്നിട്ടുണ്ട് . ജൂത സെൻ്ററിൽ വെടിവയ്പ്പ് ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് ഒരു പാകിസ്ഥാൻ വിദ്യാർത്ഥിയെ ക്യൂബെക്കിൽ അറസ്റ്റു ചെയ്തിരുന്നു.