നോര്‍ത്ത് അമേരിക്കന്‍ വ്യാപാര കരാറില്‍ നിന്ന് മെക്‌സിക്കോയെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. 1994 ല്‍ NAFTA നിയമമാക്കുന്നതിന് മുമ്പുള്ളത് പോലെ കാനഡ-യുഎസ് ഉഭയകക്ഷി ഉടമ്പടിയിലേക്ക് മടങ്ങാനുള്ള ആശയവും അദ്ദേഹം അവതരിപ്പിച്ചു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി വിജയിച്ചതിന് പിന്നാലെയാണ് ഫോര്‍ഡ് തന്റെ അഭിപ്രായവുമായി രംഗത്തെത്തിയത്.
കാനഡയില്‍ കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ ഉടമ്പടി(CUSMA) എന്നറിയപ്പെടുന്ന കരാറില്‍ വരാനിരിക്കുന്ന അവലോകനത്തെക്കുറിച്ച് ഫോര്‍ഡ് സൂചിപ്പിച്ചു. കരാര്‍ 2026 ല്‍ കാലഹരണപ്പെടും. അവലോകനത്തിന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് മെക്‌സിക്കോയില്‍ ചൈനയുടെ ഉടമസ്ഥതയിലുള്ള കാര്‍ പ്ലാന്റുകളോടുള്ള അമേരിക്കയുടെ എതിര്‍പ്പാണ്.
സ്വതന്ത്രവ്യാപാരം ന്യായമായിട്ടുള്ളതായിരിക്കണമെന്ന് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഫോര്‍ഡ് പറഞ്ഞു. യുഎസ്-മെക്‌സിക്കോ-കാനഡ ഉടമ്പടിയില്‍ ഒപ്പുവെച്ചതിന് ശേഷം കനേഡിയന്‍, അമേരിക്കന്‍ വിപണികളിലേക്ക് ചൈനീസ് കാറുകള്‍, ഓട്ടോ പാര്‍ട്ട്‌സ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പിന്‍വാതിലായി മാറാന്‍ മെക്‌സിക്കോ സ്വയം അനുവദിച്ചു. ഇത് അമേരിക്കന്‍, കനേഡിയന്‍ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്ടിനെന്റല്‍ സപ്ലൈ ചെയ്‌നില്‍ നിന്നും കാര്‍ ഭാഗങ്ങളുടെ നിര്‍മാണം നിലനിര്‍ത്താന്‍ ചൈനീസ് ഇറക്കുമതിക്ക് താരിഫ് ഏര്‍പ്പെടുത്താന്‍ മെക്‌സിക്കോയോട് ഫോര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു.