ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് കാനഡ 

By: 600002 On: Nov 13, 2024, 10:23 AM

 

 

യാത്രക്കാര്‍ക്ക് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കാനഡ. ഏവരുടെയും സ്വപ്‌നരാജ്യമാണ് കാനഡ. 2025 ല്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പേടിയും കൂടാതെ സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന മൂന്നാമത്തെ രാജ്യമാണ് കാനഡയെന്ന് നോര്‍ത്ത് അമേരിക്കന്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വേ ട്രാവല്‍ പ്രൊട്ടക്ഷന്‍(BHTP) നടത്തിയ സര്‍വേയില്‍ പട്ടികപ്പെടുത്തുന്നു. ദേശീയ പാര്‍ക്കുകള്‍, ദ്വീപുകള്‍, നഗരങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെ നിരവധി മനോഹര സ്ഥലങ്ങള്‍ കാനഡയിലുണ്ട്. മാത്രവുമല്ല, കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം, സൗജന്യ ആരോഗ്യപരിരക്ഷ, പൊതു സുരക്ഷ, ആനുകൂല്യങ്ങള്‍, റിട്ടയര്‍മെന്റ് സുരക്ഷ, മെച്ചപ്പെട്ട പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കാനഡയിലേക്ക് ആകര്‍ഷിക്കുന്നു. 

ഐസ്‌ലാന്‍ഡ് ആണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും. സ്വിറ്റ്‌സര്‍ലന്‍ഡ്(5), യുകെ(13), സ്വീഡന്‍(15) തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് കാനഡ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഗതാഗത സുരക്ഷ, ആരോഗ്യ പരിരക്ഷ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ കാനഡ അക്രമസക്തമായ കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സുരക്ഷ, ഭീകരതയില്‍ നിന്നുള്ള സുരക്ഷ എന്നിവയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.