ക്യുബെക്കിലെ ഫ്രഞ്ച് ഭാഷാ നിരീക്ഷണ സംഘത്തിന്റെ സമ്മര്‍ദ്ദം മൂലം റൈഡ് ഹെയ്‌ലിംഗ് സര്‍വീസില്‍ ഉപഭോക്താക്കളോട് ഫ്രഞ്ച് സംസാരിക്കാന്‍ ഊബര്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ അവസാനം ഇത് സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ട്. ഇ-മെയിലില്‍ ഡ്രൈവര്‍മാര്‍ക്ക് ഇംഗ്ലീഷോ, മറ്റ് ഭാഷകളോ സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയുമെങ്കിലും ഉപഭോക്താവിന്റെ അഭ്യര്‍ത്ഥന പ്രകാരം അവര്‍ ഫ്രഞ്ചില്‍ ആശയവിനിമയം നടത്തണമെന്ന് കമ്പനി അറിയിച്ചു. ഈ നിര്‍ദ്ദേശം പാലിക്കാത്ത പക്ഷം ഊബര്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുന്നതിന് കാരണമായേക്കുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓഫീസ് ക്യുബെക്കോയിസ് ഡി ലാ ലാംഗ് ഫ്രാന്‍സ്വേയുമായി(OQLF) സഹകരിച്ചാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് ഊബര്‍ വക്താവ് പറഞ്ഞു.
ഫ്രഞ്ച് ഭാഷ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ മുതല്‍ 15 പരാതികളാണ് ലഭിച്ചതെന്നും പ്രവിശ്യയില്‍ ഫ്രഞ്ച് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഏജന്‍സി എന്ന നിലയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ സഹായിക്കുന്നതിന് OQLF ഊബറിനെ സമീപിക്കുകയായിരുന്നുവെന്ന് OQLF വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ക്യുബെക്കിന്റെ ഏക ഒദ്യോഗിക ഭാഷയില്‍ ഇടിവ് അനുഭവപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ മോണ്‍ട്രിയല്‍ ഏരിയയില്‍ ഫ്രഞ്ച് ഉപയോഗം ശക്തിപ്പെടുത്തുന്നതിനുള്ള OQLF ന്റെ പുതിയ നീക്കമാണ് ഊബര്‍ ഡ്രൈവര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്.