ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഭീഷണി; ബ്രാംപ്ടണ്‍ ത്രിവേണി ക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു 

By: 600002 On: Nov 12, 2024, 11:52 AM

 


ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ബ്രാംപ്ടണിലെ ത്രിവേണി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കമ്മ്യൂണിറ്റി സെന്ററില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെക്കാന്‍ കനേഡിയന്‍ പോലീസ് സംഘാടകരോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 17 ന് നടത്താനിരുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കോണ്‍സുലാര്‍ ക്യാമ്പാണ് മാറ്റിവെച്ചത്. ഇന്ത്യന്‍ പൗരന്മാരുടെയും സിഖുകാരുടെയും ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കാനുള്ള അവസരമാണ് മാറ്റിവെച്ചത്. അക്രമാസക്തമായ പ്രക്ഷോഭം ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിപാടി മാറ്റിയതെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ പോലീസില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിപാടി മാറ്റിയതെന്നാണ് കോണ്‍സുലേറ്റ് അറിയിച്ചിരിക്കുന്നത്. 

ത്രിവേണി മന്ദിറിനെതിരെ പ്രചരിക്കുന്ന ഭീഷണികള്‍ പരിഹരിക്കാനും കനേഡിയന്‍ ഹിന്ദു സമൂഹത്തിനും പൊതുജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാനും പീല്‍ പോലീസിനോട് കമ്മ്യൂണിറ്റി സെന്റര്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. 

കഴിഞ്ഞയാഴ്ച ബ്രാംപ്ടണിലെ ഹിന്ദുമഹാസഭാ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ നാലാമത് ഒരാളെ കൂടി അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.