സ്‌കാര്‍ബറോയിലെ വുഡ്‌സൈഡ് സ്‌ക്വയര്‍ സിനിമാസില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിതിട്ടില്ല. സാന്‍ഡ്ഹര്‍സ്റ്റ് സര്‍ക്കിളിനും മക്കോവന്‍ റോഡിനും സമീപമുള്ള വുഡ്‌സൈഡ് സ്‌ക്വയര്‍ സിനിമാസില്‍ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി വെടിവെപ്പ് നടന്നതായി സ്ഥിരീകരിച്ചെന്ന് ടൊറന്റോ പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തതിന്റെ തെളിവുകള്‍ കണ്ടെത്തി. ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 6 മണിയോടെ വീണ്ടും തിയേറ്ററിന് നേരെ വെടിവെപ്പുണ്ടായതായി പോലീസ് പറഞ്ഞു. പ്രധാനമായും സൗത്ത് ഇന്ത്യന്‍ സിനിമകളും ബോളിവുഡ് സിനിമകളും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററാണ് വുഡ്‌സൈഡ് സ്‌ക്വയര്‍ സിനിമാസ്.
ഈ മാസം ആദ്യം ഇതേ തിയേറ്ററില്‍ പാക്കേജ് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് തിയേറ്റര്‍ ഒഴിപ്പിച്ചു. കഴിഞ്ഞയാഴ്ച റിച്ച്മണ്ട് ഹില്ലിലെ സമാനമായ തിയേറ്ററില്‍ മോളോടോവ് കോക്ക്‌ടെയില്‍ എറിഞ്ഞ് ആക്രമണം നടത്തിയിരുന്നു.
ദക്ഷിണേഷ്യന്‍ സിനിമാ വ്യവസായത്തില്‍ നടന്നുകൊണ്ടിരിക്കുന്ന തര്‍ക്കങ്ങളുമായി സംഭവങ്ങള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ട് സംഭവങ്ങളിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.