വീല്‍ ലോക്ക് തകരാര്‍: കാനഡയിലെ 300ല്‍ അധികം പോര്‍ഷെ കാറുകള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Nov 12, 2024, 10:10 AM

 


ഓപ്ഷണല്‍ സെന്‍ട്രല്‍ ലോക്കിംഗ് വീലുകളുള്ള കാറുകളില്‍ വീല്‍ ലോക്ക് തകരാര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ടയറുകള്‍ ഊരിപ്പോകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി 2024 മോഡല്‍ പോര്‍ഷെ കാറുകള്‍ ട്രാന്‍സ്‌പോര്‍ട്ട് കാനഡ തിരിച്ചുവിളിച്ചു. 322 ഓളം കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2024 മോഡല്‍ 718 സ്‌പൈഡര്‍, 911 കാരേര, 911GT3, 911 ടാര്‍ഗ, 911 ടര്‍ബോ എന്നീ കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. വീല്‍ ലോക്കുകളില്‍ ഉണ്ടാകുന്ന തകരാര്‍ മൂലം വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാനും വീല്‍ ഊരി തെറിച്ച് മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കാനഡ മുന്നറിയിപ്പ് നല്‍കി. 

തിരിച്ചുവിളിച്ച കാറുകള്‍ ഓടിക്കുന്ന ഉടമകള്‍ കാറുകളുടെ ഉപയോഗം നിര്‍ത്താനും അറ്റകുറ്റപ്പണികള്‍ക്കായി കമ്പനിയുമായി ബന്ധപ്പെടണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കാനഡ നിര്‍ദ്ദേശിച്ചു. ഉടമകള്‍ക്ക് മെയില്‍ വഴി അറിയിപ്പ് ലഭിക്കുമെന്നും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കായി കാറുകള്‍ രജിസ്റ്റേര്‍ഡ് ഡീലര്‍ഷിപ്പിലേക്ക് എത്തിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കാനഡ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 1-800-767-7243 എന്ന നമ്പറില്‍ പോര്‍ഷെ കാനഡയുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.