ടെൽ അവീവ്: ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാാഹനങ്ങളും കത്തിനശിച്ചു. റോക്കറ്റാക്രമണത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. ഹിസ്ബുല്ലയുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് വ്യക്തമാക്കി.
ഗലീലിയെ ലക്ഷ്യമിട്ട് 50 റോക്കറ്റുകളാണ് എത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. ഇവയിൽ ചിലതിനെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. എന്നാൽ, നിരവധി റോക്കറ്റുകളാണ് കാർമിയൽ മേഖലയിൽ പതിച്ചത്. ലെബനനിൽ നിന്ന് ഹിസ്ബുല്ല തൊടുത്ത ഒരു ഡ്രോൺ മാൽകിയയ്ക്ക് മുകളിൽ വെച്ച് വ്യോമ പ്രതിരോധം നിഷ്ക്രിയമാക്കിയെന്നും അടുത്തിടെ ഇസ്രായേലിന് നേരെ ആക്രമണത്തിന് ഉപയോഗിച്ച ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചർ ടാർഗെറ്റഡ് ഡ്രോൺ ആക്രമണത്തിൽ നശിപ്പിച്ചെന്നും ഐഡിഎഫ് അവകാശപ്പെട്ടു.