കാനഡയിൽ മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതാദ്യം

By: 600007 On: Nov 11, 2024, 8:46 AM

 

കാനഡയില്‍ കൗമാരക്കാരനിൽ എച്ച്5എൻ1 പക്ഷിപ്പനി വൈറസ്ബാധ സ്ഥിരീകരിച്ചു. ഫ്രേസർ ഹെൽത്ത് മേഖലയിൽ നിന്നുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എച്ച് 5 ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഏവിയൻ ഇൻഫ്ലുവൻസ വെറസ് അണുബാധയാണ് ബാധിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആദ്യമായാണ് ഈ രോഗം കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

കൗമാരക്കാരന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോർട്ട് വെസ്റ്റേൺ പ്രൊവിൻസിൻ്റെ വെബ്‌സൈറ്റിൽ ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.  നിലവിൽ കുട്ടി ബിസി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കൗമാരക്കാരനുമായി സമ്പർക്കം പുലർത്തിയിരുന്നവരെ തിരിച്ചറിയാൻ ആരോഗ്യപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. H5N1,H7N9,H7N7, H9N2 ഉൾപ്പെടെയുള്ള  ഏവിയൻ ഇൻഫ്ളുവൻസ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും  രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽ രോഗബാധയേറ്റാൽ അൻപത്  ശതമാനം വരെ മരണസാധ്യതയുള്ള വകഭേദമാണ് H5N1. രോഗബാധയേറ്റ പക്ഷികളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പടരാൻ ഏറ്റവും കൂടുതൽ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.