ദില്ലി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലയിൽ. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 84.3875 എന്ന നിലയിലേക്ക് ഇടിഞ്ഞു. ഒരു പൈസ നഷ്ടം ഇന്ന് നേരിട്ടതോടെയാണ് റെക്കോർഡ് വീഴ്ചയുണ്ടായത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയവും ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു വിദേശനിക്ഷേപം (എഫ്ഐഐ നിക്ഷേപം) പിൻവലിയുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇന്ത്യൻ വിപണികളിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പിന്മാറുകയാണ്.
ഒക്ടോബറിൽ മാത്രം വിദേശ നിക്ഷേപകർ 1.14 ലക്ഷം കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിച്ചു. വിദേശ ധനകാര്യസ്ഥാപനങ്ങൾ (എഫ്ഐഐ) ഈ മാസം ആദ്യ ആഴ്ചയിൽ തന്നെ 20,000 കോടി രൂപയുടെ ഓഹരികളും വിറ്റു. ഇന്ത്യൻ രൂപ മാത്രമല്ല, മറ്റു രാജ്യങ്ങളുടെ കറൻസിയും ഡോളറിന് മുന്നിൽ വീഴുകയാണ്. യൂറോ, യെൻ തുടങ്ങി പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 105 നിലവാരത്തിനു മുകളിലെത്തി. ഇതും രൂപക്ക് തിരിച്ചടിയായി.
രൂപയുടെ വിലയിടിയുന്നത് വിലക്കയറ്റത്തിന് കാരണമാകും. അതുകൊണ്ടുതന്നെ രക്ഷാ നടപടികളുമായി റിസർവ് ബാങ്ക് രംഗത്തെത്തി. വിദേശനാണയ ശേഖരത്തിൽനിന്നു ഡോളർ വിറ്റഴിച്ച് രൂപയെ പിടിച്ചുനിർത്താനാണ് ശ്രമം. ഇതേതുടർന്ന് ഫെഡറൽ റിസർവിൽ ഇടിവുണ്ടായി. കഴിഞ്ഞ രണ്ടാഴ്ചയായി 267.5 കോടി ഡോളറിന്റെയും 346.3 കോടി ഡോളറിന്റെയും ഇടിവാണുണ്ടായത്.