യുഎസ്, കാനഡ വിമാനങ്ങൾക്ക് ഭീഷണിയായ പാഴ്സൽ സ്ഫോടനങ്ങൾക്ക് പിന്നിൽ റഷ്യ ആണെന്ന ആരോപണവുമായി പോളണ്ട്. യൂറോപ്പിലുടനീളമുള്ള കൊറിയർ ഡിപ്പോകളിൽ പൊട്ടിത്തെറിച്ച പാഴ്‌സലുകളുടെ പരമ്പരയ്ക്ക് പിന്നിൽ റഷ്യൻ രഹസ്യാന്വേഷണ സേവനങ്ങളാകാൻ സാധ്യതയുണ്ടെന്നാണ് പോളിഷ് പ്രോസിക്യൂട്ടർമാരുടെ ആരോപണം.
യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും കാനഡയിലേക്കുമുള്ള കാർഗോ വിമാനങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പാഴ്സലുകളെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഉക്രെയ്നിൻ്റെ സഖ്യകക്ഷികളെ അട്ടിമറിക്കാൻ റഷ്യ ശ്രമിച്ചതായി പാശ്ചാത്യ ഉദ്യോഗസ്ഥർ നേരത്തേ പറഞ്ഞിരുന്നു. ബ്രിട്ടൻ, ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിലെ കൊറിയർ ഡിപ്പോകളിൽ ജൂലൈയിൽ നടന്ന സ്‌ഫോടനങ്ങൾ , വിമാനങ്ങളിലും നടക്കാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ മുന്നറിയിപ്പ്. കേസന്വേഷണത്തിനിടെ ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതിന് പിന്നിൽ റഷ്യയെന്ന് വ്യക്തമായതായി പോളിഷ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് റഷ്യക്കാരെ തിരയുകയാണെന്നും നാല് ഉക്രേനിയൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോളിഷ് അധികൃതർ പറഞ്ഞു. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ചാണ് അന്വേഷണം. ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിൽ നിന്നാണ് പൊട്ടിത്തെറിച്ച പാഴ്സലുകൾ അയച്ചത്. അതേസമയം പ്രോസിക്യൂട്ടർമാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വാർസോയിലെ റഷ്യൻ എംബസി പ്രതികരിച്ചു . റഷ്യ നേരത്തെ തന്നെ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു