ഹൊറർ വേഷങ്ങളിലൂടെ പ്രശസ്തനായ നടന്‍ ടോണി ടോഡ് അന്തരിച്ചു

By: 600007 On: Nov 9, 2024, 5:14 PM

 

ഹോളിവുഡ്: ഹൊറർ സിനിമകളിലൂടെ പേര് എടുത്ത ബിഗ് സ്‌ക്രീൻ, ടെലിവിഷൻ ഇതിഹാസം നടൻ ടോണി ടോഡ് (69) അന്തരിച്ചു. നവംബർ 6 നാണ് ലോസ് ഏഞ്ചൽസിലെ വസതിയിൽ വച്ച് ടോഡ് അന്തരിച്ചത്. കുടുംബം ഇറക്കിയ വാര്‍ത്ത കുറിപ്പിലാണ് നടന്‍റെ മരണം സ്ഥിരീകരിച്ചത്. 


1992 ല്‍ ഇറങ്ങിയ കാൻഡിമാന്‍ എന്ന ചിത്രത്തിലെ കൊലയാളിയുടെ വേഷമാണ് ടോഡ് അവതരിപ്പിച്ചതില്‍ ഏറെ പ്രശസ്തമാണ്. കൂടാതെ 2021 ല്‍ ഇതിന്‍റെ രണ്ടാം ഭാഗത്തിലും ഇദ്ദേഹം അഭിനയിച്ചിരുന്നു. ഫൈനൽ ഡെസ്റ്റിനേഷനിലെ വേഷവും, ഒലിവര്‍ സ്റ്റോണ്‍ സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങി പ്ലാറ്റൂണിലെ വേഷവും ഏറെ ശ്രദ്ധേയമാണ്. 

നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ടോണി ടോഡ് 250 ഓളം ചലച്ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ടിവി പരമ്പരകളിലും ഇദ്ദേഹം സജീവമായിരുന്നു.  1954 ഡിസംബർ 4 ന് യുഎസിലെ വാഷിംഗ്ടൺ ഡിസിയിൽ ജനിച്ച ടോഡ് ബിഗ് സ്‌ക്രീനിലും മിനി സ്ക്രീനിലും സജീവമായി നിന്നാണ് കരിയര്‍ കെട്ടിപ്പടുത്തത്. 

21 ജമ്പ് സ്ട്രീറ്റ്, നൈറ്റ് കോർട്ട്, മാക്‌ഗൈവർ, മാറ്റ്‌ലോക്ക്, ജേക്ക് ആൻഡ് ഫാറ്റ്മാൻ, ലോ & ഓർഡർ, ദി എക്‌സ്-ഫയല്‍സ്, എന്‍വൈപിഡി ബ്ലൂ, ബെവർലി ഹിൽസ് 90210, സെന: വാരിയർ പ്രിൻസസ് ആൻഡ് മർഡർ തുടങ്ങിയ ടിവി സീരിസുകള്‍ അദ്ദേഹത്തെ ജനപ്രിയനാക്കി. 

സ്ട്രീം എന്ന ചിത്രത്തിലാണ് ടോണി ടോഡ് അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് എന്ന അടുത്ത വര്‍ഷം ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ ഇദ്ദേഹം അഭിനയിച്ചുണ്ട്. ഹോളിവുഡിലെ പല പ്രമുഖരും  ടോണി ടോഡിന്‍റെ മരണത്തില്‍ ആദാരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്