കാനഡയിൽ തോക്ക് അക്രമം വർധിച്ചു വരുന്നതായി കണക്കുകൾ . സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം 2018-നും 2023-നും ഇടയിൽ രാജ്യത്തുടനീളമുള്ള വെടിവയ്പ്പുകളുടെ എണ്ണം 1,151 ആയിരുന്നു. എന്നാൽ ഒരൊറ്റ വർഷം കൊണ്ട് അത് 2,323 ആയി ഉയർന്നതായി റിപ്പോർട്ട് പറയുന്നു.
ഗ്രേറ്റർ ടൊറൻ്റോ ഏരിയയുടെ ചില ഭാഗങ്ങളിൽ ഈ വർഷം റെക്കോർഡ് അതിക്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട് . ഹാമിൽട്ടണിലും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും വർധിച്ചുവരുന്ന തോക്ക് അക്രമത്തിൻ്റെ ഫലമായി മക്കളെ അടക്കം നഷ്ട്ടപ്പെട്ട നിരവധി കുടുംബങ്ങൾ ഉണ്ട്. ജനുവരി മുതൽ വെടിവയ്പുകൾ ഭയാനകമായ രീതിയിൽ കൂടിയിട്ടുണ്ടെന്നാണ് പൊലീസും പറയുന്നത്. കാനഡയിലെ മറ്റ് പല മേഖലകളിലേക്കും ഇത് വ്യാപിക്കുന്നതായും ആശങ്കയുണ്ട്. ഹാമിൽട്ടണിൽ, നവംബർ 4 വരെ 58 വെടിവയ്പുകളുണ്ടായത്. അതേ സമയം കഴിഞ്ഞ വർഷം ഇത് 35 വെടിവയ്പുകളായിരുന്നുവെന്ന് ഹാമിൽട്ടൺ പോലീസ് ഷൂട്ടിംഗ് റെസ്പോൺസ് ടീം മേധാവി സ്റ്റീവ് ബെറെസിയുക്ക് പറഞ്ഞു. തോക്ക് കൊണ്ടുള്ള അക്രമം വർദ്ധിക്കുന്നത് പരിഹരിക്കുന്നതിനായി അടുത്തിടെ രൂപീകരിച്ചതാണ് ഇത്തരം ഷൂട്ടിംഗ് റെസ്പോൺസ് ടീം.
കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ പീൽ പോലീസ് 84 അനധികൃത തോക്കുകളാണ് പിടിച്ചെടുത്തത്. അതേ സമയം ഈ വർഷം ഇതേ കാലയളവിൽ 157 അനധികൃത തോക്കുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. 86 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. പകൽ സമയങ്ങളിലാണ് കൂടുതൽ വെടിവെപ്പുകൾ നടക്കാറുള്ളത്. മനുഷ്യ കവചം തീർത്തു കൊണ്ടുള്ള ആക്രമണവും ആറു വയസ്സുകാരന് കളിക്കാൻ തോക്ക് കൊടുത്തത് കാരണം ഒരാൾക്ക് വെടിയേറ്റ സംഭവവും സിറ്റിയിൽ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു