അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്താനിരിക്കെ രാജ്യത്തിൻ്റെ അതിർത്തികളിൽ സുരക്ഷയും നിയന്ത്രണങ്ങളും ശക്തമാക്കാൻ പദ്ധതികളുമായി കാനഡ. ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് ആണ് ഇക്കാര്യം സംബന്ധിച്ച് സൂചനകൾ നൽകിയത്. കാനഡയുടെ അതിർത്തികളിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്നാണ് അവർ വ്യക്തമാക്കിയത്.
സ്വന്തം അതിർത്തി നിയന്ത്രിക്കുക എന്നത് കാനഡയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും ക്രിസ്റ്റിയ ഫ്രീലാൻഡ് വ്യക്തമാക്കി. ട്രംപ് അധികാരത്തിലെത്തുമ്പോൾ അമേരിക്കയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കൂടുതൽ കുടിയേറ്റക്കാർ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിൻ്റെ ആദ്യ ഭരണകാലത്തും കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരുന്നു.അമേരിക്കൻ തെരഞ്ഞെടുവിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ അമേരിക്കയിൽ നിന്ന് കൂടുതൽ ആളുകൾ കാനഡയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതായും റിപ്പോർട്ട് വന്നിരുന്നു . ഇതിൻ്റെ ഭാഗമായി കൂടുതൽ പേരും ഗൂഗിളിൽ തിരഞ്ഞത് മൂവ് റ്റു കാനഡ എന്നാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന റിപ്പോർട്ടുകൾ. ഇത്തരം സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ് കാനഡ സർക്കാർ. ഇതിൻ്റെ എല്ലാം അടിസ്ഥാനത്തിൽ കൂടിയാകും കാനഡയുടെ പുതിയ പദ്ധതി