കാനഡയിൽ വാടക കുറയുന്നതായി റിപ്പോർട്ട് . കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് വാടക കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. Rentals.ca, Urbanation എന്നിവയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഒക്‌ടോബർ വരെ കാനഡയിലെ ശരാശരി വാടക 2,152 ഡോളറായിരുന്നു. പിന്നീട് ഇത് 1.2 ശതമാനം കുറഞ്ഞു .
കാനഡയിലെ പ്രധാന നഗരങ്ങളിലാണ് ഈ ഇടിവ് പ്രധാനമായും അനുഭവപ്പെടുന്നത്. ടൊറൻ്റോ, വാൻകൂവർ, കാൽഗറി, മോൺട്രിയൽ തുടങ്ങിയ നഗരങ്ങളിൽ വാടക കുറയുന്നതായാണ് റിപ്പോർട്ട് . മെച്ചപ്പെടുന്ന സമ്പദ് വ്യവസ്ഥയും ജനസംഖ്യ വർദ്ധനയും അടക്കമുള്ള കാരണങ്ങളെ തുടർന്നായിരുന്നു വീട്ടു വാടകയിൽ വർദ്ധനയുണ്ടായത്. എന്നാൽ ഇതിലെല്ലാം മാറ്റം വന്നതോടെയാണ് വാടക കുറഞ്ഞ് തുടങ്ങിയത്. ബി.സി. ഒൻ്റാരിയോ പ്രവിശ്യകളിലാണ് വാടക പ്രധാനമായും കുറഞ്ഞത്. ബിസിയിൽ അപ്പാർട്ടുമെൻ്റുകളുടെ ശരാശരി വാടക 3.4 ശതമാനം കുറഞ്ഞ് 2,549 ഡോളറായും ഒൻ്റാരിയോയിൽ 5.7 ശതമാനം ഇടിഞ്ഞ് 2,350 ഡോളറായും രേഖപ്പെടുത്തി. അതേ സമയം വികസിച്ചു കൊണ്ടിരിക്കുന്ന സസ്‌കാഷ്വെവാനിൽ വാടക 17.1 ശതമാനം ഉയർന്നു. ടൊറൻ്റോയിൽ ഒക്ടോബറിൽ അപ്പാർട്ടുമെൻ്റുകളുടെ വാടകയിൽ ഏറ്റവും വലിയ വാർഷിക ഇടിവാണ് രേഖപ്പെടുത്തിയത്. 9.2 ശതമാനം കുറഞ്ഞ്, ശരാശരി 2,642 ഡോളറിൽ എത്തി. വാൻകൂവറിൽ 8.4 ശതമാനവും കാൽഗറിയിൽ 4.7 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.