ബുധനാഴ്ച ഡൊണാൾഡ് ട്രംപിന് മാത്രമല്ല ലോകത്തെ കോടീശ്വരൻമാർക്കും നല്ല ദിവസമായിരുന്നു. ബ്ലൂംബെർഗിൻ്റെ ശതകോടീശ്വരൻമാരുടെ പുതിയ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ സമ്പത്തും ഈ ദിവസം റെക്കോർഡ് അളവിൽ കുതിച്ചുയർന്നു. ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളും ട്രംപിൻ്റെ അടുത്ത അനുഭാവിയുമായ എലോൺ മസ്‌കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 26.5 ബില്യൻ ഡോളറോളം ഉയർന്ന് മസ്കിൻ്റെ സമ്പാദ്യം 290 ബില്യനായി.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻ്റെ സമ്പത്തിൽ ഒരാഴ്ചയ്ക്കകം 7.1 ബില്യൺ ഡോളറിൻ്റെ വർദ്ധനയാണ് ഉണ്ടായത്. മറ്റൊരു ട്രംപ് അനുയായിയായ ഒറാക്കിൾ സഹസ്ഥാപകൻ ലാറി എല്ലിസൻ്റെ ആസ്തി ബുധനാഴ്ച 5.5 ബില്യൺ ഡോളറോളം ഉയർന്നു. മുൻ മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവുമാരായ ബിൽ ഗേറ്റ്‌സ്, സ്റ്റീവ് ബാൽമർ, മുൻ ഗൂഗിൾ എക്‌സിക്യൂട്ടീവുമാരായ ലാറി പേജ്, സെർജി ബ്രിൻ, ബെർക്ക്‌ഷയർ ഹാത്ത്‌വേ സിഇഒ വാറൻ ബഫറ്റ് എന്നിവരും നേട്ടമുണ്ടാക്കിയവരിൽ ഉൾപ്പെടുന്നു.
ബ്ലൂംബെർഗ് 2012-ലായിരുന്നു ഈ സൂചികയ്ക്ക് തുടക്കമിട്ടത്. അതിന് ശേഷം കാണുന്ന സമ്പത്തിൻ്റെ ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വിപണി ബുധനാഴ്ച അതിവേഗം കുതിച്ചുയർന്നു. ബിസിനസ് അനൂകൂല നിയമങ്ങളും നയങ്ങളും ഓഹരി വിപണിക്ക് മൊത്തത്തിൽ ഗുണം ചെയ്യുമെന്ന് നിക്ഷേപകരുടെ വിശ്വാസമാണ് വിപണിയിൽ കുതിപ്പുണ്ടാക്കിയത്.