സൗത്ത്അമേരിക്കന്‍ റോഡ് ട്രിപ്പിനിടെ ആയുധധാരികളുടെ  ആക്രമണം; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി ഗാറ്റിനോ ദമ്പതികള്‍

By: 600002 On: Nov 8, 2024, 12:33 PM

 

 

സൗത്ത്അമേരിക്കന്‍ റോഡ് ട്രിപ്പിനിടെ ക്യുബെക്ക് ഗാറ്റിനോയില്‍ നിന്നുള്ള ദമ്പതികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. മൊബൈല്‍ഹോമാക്കി മാറ്റിയ ബസില്‍ യാത്ര ചെയ്ത ജെനിവീവ് പ്ലോഫ്, ഭര്‍ത്താവ് മാര്‍ട്ടിന്‍ ഓഡറ്റെ എന്നിവര്‍ക്ക് നേരെയാണ് ആയുധധാരികളായ അക്രമികള്‍ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. ഒക്ടോബര്‍ 28ന് പനാമകനാലിന്റെ മിറഫ്‌ലോറസ് ലോക്കുകള്‍ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബസാണ് ആക്രമിക്കപ്പെട്ടത്. ബസിനുള്ളില്‍ ഉണ്ടായിരുന്ന മാര്‍ട്ടിന്‍ ഓഡെറ്റെയും ജെനിവീവും തലനാരിഴയ്ക്കാണ് അക്രമികളില്‍ നിന്നും രക്ഷപ്പെട്ടത്. ബസിന്റെ ചില്ലുകള്‍ മുഴുവന്‍ തകര്‍ക്കപ്പെട്ടു. 

പോലീസ് ഓഫീസര്‍മാരായി വേഷമിട്ട മൂന്ന് പേര്‍ ബസിനടുത്തെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുറക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അക്രമികള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. പണം ആവശ്യപ്പെട്ടാണ് അക്രമം നടത്തിയത്. അക്രമികള്‍ ഓഡെറ്റിനെ പുറത്തേക്ക് വഴിച്ചിഴച്ച് തോക്കിന്റെ പാത്തി ഉപയോഗിച്ചും മറ്റ് ആയുധങ്ങളും വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. അരമണിക്കൂര്‍ കഴിഞ്ഞാണ് സംഭവസ്ഥലത്തേക്ക് പോലീസെത്തിയത്. നാല് മണിക്കൂറെടുത്തു പാരമെഡിക്കുകളെത്താനെന്ന് ജെനിവീവ് പറഞ്ഞു. 

അക്രമണത്തെ തുടര്‍ന്ന് സഹായത്തിനായി കനേഡിയന്‍ എംബസിയെ ബന്ധപ്പെട്ടപ്പോള്‍ അവരുടെ പെരുമാറ്റം നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സാമ്പത്തിക സഹായത്തിനായി കനേഡിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുക എന്നാണ് എംബസിയില്‍ നിന്നും ലഭിച്ച മറുപടി. ഇതനുസരിച്ച് സാമ്പത്തിക സഹായത്തിനായി ഫോം സമര്‍പ്പിച്ചെങ്കിലും ആറ് ദിവസം കഴിഞ്ഞാണ് പ്രതികരണമുണ്ടായതെന്നും അവര്‍ പറഞ്ഞു.