'സ്വകാര്യ വിവരങ്ങള്‍ വില്‍പ്പനയ്ക്കല്ല'; പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍

By: 600002 On: Nov 8, 2024, 12:03 PM

 


വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ വില്‍ക്കുന്ന സ്‌കൂളുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവ പോലുള്ള പൊതുസ്ഥാപനങ്ങളെ നിരോധിക്കുന്നതുള്‍പ്പെടെ സ്വകാര്യതാ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നു. പ്രവിശ്യാ സര്‍ക്കാരും മറ്റ് പൊതുസ്ഥാപനങ്ങളും സ്വകാര്യ വിവരങ്ങള്‍ വില്‍ക്കുന്നില്ലെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഇത് നിരോധിക്കുന്നുവെന്ന് ബില്ലില്‍ ഉറപ്പാക്കുമെന്ന് ടെക്‌നോളജി മിനിസ്റ്റര്‍ നേറ്റ് ഗ്ലൂബിഷ് പറഞ്ഞു. ബില്‍ പാസായാല്‍ നിലവിലുള്ള വിവരാവകാശ നിയമത്തിനും സ്വകാര്യത സംരക്ഷണ നിയമത്തിനും പകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.  

സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വ്യക്തമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നതിന് നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പിഴകള്‍ വര്‍ധിപ്പിക്കുന്നതിനും ബില്‍ ലക്ഷ്യമിടുന്നു. വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അറിഞ്ഞുകൊണ്ട് ലംഘിക്കുന്ന ആര്‍ക്കും നിയമം വഴി പരമാവധി 750,000 ഡോളര്‍ വരെ പിഴ വര്‍ധിപ്പിക്കുമെന്നാണ് വിവരം. 

പ്രവിശ്യയിലെ ജനങ്ങള്‍ക്ക് അവരുടെ രേഖകള്‍ എപ്പോള്‍, എങ്ങനെ, എന്ത് ആവശ്യത്തിന് ആക്‌സസ് ചെയ്തുവെന്നത് മനസ്സിലാക്കാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ പ്രൈവസി പോര്‍ട്ടലും ഉണ്ടാകും. വാഹന രജിസ്‌ട്രേഷനും മെഡിക്കല്‍ റെക്കോര്‍ഡുകളും പോലുള്ള ഡാറ്റ ഉള്‍പ്പെടുത്തുന്നതിനാണ് ഇത്. തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് കരുതുന്നവര്‍ക്ക് പ്രൈവസി കംപ്ലയ്ന്റ് ഫയല്‍ ചെയ്യാനും സാധിക്കും. 

പ്രവിശ്യയിലെ ജനങ്ങള്‍ക്ക് വേഗത്തിലും ഫലപ്രദമായും രേഖകള്‍ ലഭിക്കുന്നതിനുള്ള പ്രക്രിയകള്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിടുന്ന മറ്റൊരു ബില്‍ കൂടി സര്‍വീസ് ആല്‍ബെര്‍ട്ട മിനിസ്റ്റര്‍ ഡെയ്ല്‍ നാലി അവതരിപ്പിച്ചിട്ടുണ്ട്.