'ട്രംപ് ആവശ്യപ്പെട്ടാലും സ്ഥാനം ഒഴിയില്ല', നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഫെഡറൽ ചീഫ് ജെറോം പവൽ

By: 600007 On: Nov 8, 2024, 8:56 AM

 

 

വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ആയ ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടാലും രാജി വെക്കാൻ ഒരുക്കമല്ലെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുള്ള രാഷ്ട്രീയ സമ്മർദ്ദത്തിൽ നിന്ന് യുഎസ് സെൻട്രൽ ബാങ്കിനെ പ്രതിരോധിക്കാൻ തയ്യാറാണെന്ന് ജെറോം പവൽ വ്യക്തമാക്കി.


ഫെഡറൽ റിസർവിന്റെ ദ്വിദിന നയ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ആണ് ജെറോം പവലിന്റെ മറുപടി. ട്രംപ് രാജി ആവശ്യപ്പെട്ടാൽ മാറിനിൽക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ല എന്ന് പവൽ ഉറപ്പിച്ച് പറഞ്ഞു. ആദ്യ ഭരണ കാലഘട്ടത്തിൽ  ഫെഡറൽ മേധാവിയെ പുറത്താക്കുന്ന നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ട്രംപ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ട്രംപിന് മുതിർന്ന ഫെഡറൽ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനോ സ്ഥാനമാറ്റം നടത്താനോ അധികാരമില്ലെന്ന് പവൽ ആവർത്തിച്ച് പറഞ്ഞു. 

മാധ്യമപ്രവർത്തകരിൽ നിന്ന് രാഷ്ട്രീയമായി ഉന്നയിക്കപ്പെട്ട മറ്റെല്ലാ ചോദ്യങ്ങളും ഒഴിവാക്കാൻ ജെറോം പവൽ ശ്രദ്ധിച്ചിരുന്നു, എന്നാൽ പവൽ നടത്തിയ ചുരുങ്ങിയ പരാമർശങ്ങൾ വരെ ശ്രദ്ധേയമായി. 2012 മുതൽ താൻ സേവനമനുഷ്ഠിക്കുന്ന സ്ഥാപനത്തെ സംരക്ഷിക്കുന്നതിൽ ബാധ്യസ്ഥനെന്ന കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. 

സെൻട്രൽ ബാങ്ക് ചെയർമാനെ  പുറത്താക്കാൻ പ്രസിഡൻ്റിന് അധികാരമില്ലെന്ന് പല നിയമ വിദഗ്ധരും വാദിക്കുന്നു,  ഇങ്ങനെ ചെയ്യുന്നത് നിയമപരമായുള്ള പോരാട്ടത്തിന് വഴിവെക്കുമെന്നും വിദഗ്ദർ പറയുന്നു. 

2017 നവംബറിൽ യുഎസ് ഫെഡറൽ റിസർവിനെ നയിക്കാൻ ഡൊണാൾഡ് ട്രംപ് തന്നെയാണ് ജെറോം പവലിനെ നിയമിച്ചത്. പിന്നീട് അഞ്ച് വർഷത്തിന് ശേഷം പ്രസിഡൻ്റ് ജോ ബൈഡൻ അദ്ദേഹത്തെ വീണ്ടും ആ സ്ഥാനത്തേക്ക് നിയമിച്ചു. ഇതേ തുടർന്ന് ട്രംപ് പവലിനെതിരെ ആരോപണങ്ങൾ നടത്താൻ തുടങ്ങി.  2026  വരെയാണ് പവലിന്റെ കാലാവധി.