ന്യൂയോർക്ക്: ബഹിരാകാശ നിലയത്തിൽ തങ്ങുന്ന സുനിത വില്യംസിൻ്റെ ആരോഗ്യനില സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകളോട് പ്രതികരിച്ച് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എല്ലാ ബഹിരാകാശയാത്രികരും നല്ല ആരോഗ്യത്തോടെയാണെന്ന് നാസ വിശദീകരിച്ചു. ഐഎസ്എസിലെ എല്ലാ ബഹിരാകാശയാത്രികരും പതിവ് മെഡിക്കൽ പരിശോധനക്ക് വിധേയരാകുകയും ഫ്ലൈറ്റ് സർജന്മാർ നിരീക്ഷിക്കുകയും ചെയ്യുന്നുവെന്ന് നാസയുടെ സ്‌പേസ് ഓപ്പറേഷൻസ് മിഷൻ ഡയറക്ടറേറ്റിൻ്റെ വക്താവ് ജിമി റസ്സൽ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. എല്ലാവരും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്എസിൽ ദീർഘകാലം താമസിച്ചതിനെ തുടർന്ന് സുനിത വില്ല്യംസിന്റെ ആരോഗ്യം മോശമായെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിശദീകരണം. നാസ ബഹിരാകാശയാത്രികൻ പുറത്തുവിട്ട ചിത്രം പ്രചരിച്ചതോടെയാണ് വാർത്ത പരന്നത്. ചിത്രത്തിൽ സുനിത മെലിയുകയും കവിളുകൾ ഒട്ടിയതായും കാണപ്പെട്ടു. വളരെ ഉയർന്ന ഉയരത്തിൽ ദീർഘനേരം താമസിക്കുന്നതിൻ്റെ സ്വാഭാവിക സമ്മർദ്ദങ്ങൾ അവൾ അനുഭവിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
സുനിത വില്യംസും അവളുടെ സഹ ബഹിരാകാശ സഞ്ചാരി ബാരി വിൽമോറും ജൂൺ മുതൽ ഐഎസ്എസിലാണ് തങ്ങുന്നത്. എട്ട് ദിവസത്തെ ദൗത്യത്തിന് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ പുറപ്പെട്ട ഇവർ, പേടകത്തിന്റെ തകരാർ കാരണം ഐഎസ്എസിൽ തങ്ങുകയായിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കും