കാനഡയില്‍ ബിസിനസ് അവസാനിപ്പിക്കാന്‍ ടിക്‌ടോക്കിനോട് ഉത്തരവിട്ട് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Nov 7, 2024, 10:28 AM

 


ദേശീയ സുരക്ഷാ അവലോകനത്തെ തുടര്‍ന്ന് കാനഡയിലെ ബിസിനസ് അവസാനിപ്പിക്കാന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിനോട് ഫെഡറല്‍ സര്‍ക്കാര്‍ ഉത്തവിട്ടു. എന്നാല്‍ ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് തുടരാന്‍ ജനങ്ങളെ അനുവദിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ടിക്‌ടോക്കിനെയും ചൈനീസ് ഉടമ ബൈറ്റ്ഡാന്‍സിനെയും(ByteDance) കുറിച്ചുള്ള സുരക്ഷാ ആശങ്കകള്‍ സംബന്ധിച്ചുള്ള നീണ്ട അവലോകനത്തിന് ശേഷം ഇന്നൊവേഷന്‍ ആന്‍ഡ് സയന്‍സ് മിനിസ്റ്റര്‍ ഫ്രാന്‍സ്വേ ഫിലിപ്പ് ഷാംപെയ്‌നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവലോകനത്തിനിടയില്‍ ശേഖരിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ടിക്‌ടോക്കിലേക്കുള്ള കാനഡയിലെ ആളുകളുടെ ആക്‌സസ്, അല്ലെങ്കില്‍ കണ്ടന്റ് ക്രിയേഷന്‍ എന്നിവ സര്‍ക്കാര്‍ തടയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കാനഡയില്‍ ടിക്‌ടോക് എപ്പോള്‍ ബിസിനസ് അവസാനിപ്പിക്കണമെന്ന വ്യക്തത സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ടൊറന്റോയിലും വാന്‍കുവറിലുമായി ഒന്നിലധികം ഓഫീസുകള്‍ ടിക്‌ടോക്കിനുണ്ട്. എന്നാല്‍ അമേരിക്കയിലുള്ളതിനേക്കാള്‍ ചെറിയ തോതിലുള്ള പ്രവര്‍ത്തനം മാത്രമാണ് കാനഡയില്‍ നടക്കുന്നത്. പ്രവര്‍ത്തനം ചെറിയ രീതിയിലാണെങ്കിലും അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, കനേഡിയന്‍ സര്‍ക്കാരിന്റെ ഉത്തരവിനെ കമ്പനി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ടിക്‌ടോക്ക് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.