ലിഥിയം അയേണ്‍ ബാറ്ററികള്‍ മൂലമുള്ള അപകടങ്ങള്‍ക്കെതിരെ കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. കേടുപാടുകള്‍ സംഭവിച്ചതോ മാറ്റം വരുത്തിയതോ ആയ ലിഥിയം-അയേണ്‍ ബാറ്ററികള്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി അധികൃതര്‍ പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലിഥിയം-അയേണ്‍ ബാറ്ററികളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഉപയോഗം കൂടുന്നതിനനുസരിച്ച് തീപിടുത്ത സാധ്യതയും കൂടുന്നതായി കാല്‍ഗറി അഗ്നിശമനസേന ചീഫ് സ്റ്റീവ് ഡോങ്‌വര്‍ത്ത് പറഞ്ഞു.
സ്‌കൂട്ടറുകള്‍, ഇ-ബൈക്കുകള്‍, ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പവര്‍ടൂളുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിലെല്ലാം ലിഥിയം-അയേണ്‍ ബാറ്ററികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തീപിടുത്തങ്ങള്‍ 500 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനിലയില്‍ എത്തുകയും വിഷവാതകങ്ങളും അപകടകരമായ പുകയും ഉണ്ടാക്കുകയും ചെയ്യുമെന്ന് ഡോങ്‌വര്‍ത്ത് പറയുന്നു. അവ സാധാരണയായി വെള്ളം ഉപയോഗിച്ച് കെടുത്താന്‍ കഴിയില്ല. കാല്‍ഗറിയില്‍ ലിഥിയം-അയേണ്‍ ബാറ്ററി മൂലമുള്ള തീപിടുത്തങ്ങള്‍ വര്‍ധിച്ചതായും സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് സുരക്ഷിതമായി ചാര്‍ജ് ചെയ്യാന്‍ എല്ലാവരും തയാറാകണമെന്നും സ്റ്റീവ് ഡോങ്‌വര്‍ത്ത് നിര്‍ദ്ദേശിച്ചു. തീപിടുത്തം ഉണ്ടായാല്‍ ഉടന്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് 911 നമ്പറില്‍ വിളിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഉപയോഗം കഴിഞ്ഞതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ ബാറ്ററികള്‍ നഗരത്തിലെ എക്കോ-സെന്ററുകളില്‍ സൗജന്യമായി ഉപേക്ഷിക്കാം. റീസൈക്ലിംഗ് സൗകര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://recycleyourbatteries.ca/battery-safety/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.