ഇന്ത്യൻ വംശജ പ്രസിഡന്‍റായില്ല, പക്ഷേ അമേരിക്കയുടെ ചരിത്രത്തിലാധ്യമായി ഇന്ത്യൻ വംശജ സെക്കന്‍ഡ് ലേഡിയായി

By: 600007 On: Nov 7, 2024, 2:21 AM

 

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറിയപ്പോൾ ഇന്ത്യൻ വംശജ ഇതാദ്യമായി പ്രസിഡന്‍റ് ആകുമോ എന്ന ചോദ്യമായിരുന്നു ഉയർന്നത്. വൈസ് പ്രസിഡന്‍റ് കമല ഹാരിസിലൂടെ അങ്ങനെയൊരു ചരിത്രം അമേരിക്കയിൽ പിറക്കുമെന്ന പ്രതീക്ഷകൾ ഇന്ന് അവസാനിച്ചിരിക്കുകയാണ്. എന്നാൽ കമലയെ പരാജയപ്പെടുത്തി ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് ചുവടുവയ്ക്കുമ്പോൾ മറ്റൊരു ചരിത്രം കൂടിയാണ് പിറക്കുന്നത്. അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായി ഇന്ത്യൻ വംശജ സെക്കൻഡ് ലേഡിയായിരിക്കുകയാണ്.


ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഉഷ ചിലുകുരിയാണ് അമേരിക്കയുടെ സെക്കൻഡ് ലേഡിയാകുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ഉറപ്പിച്ച ജെ ഡി വാന്‍സിന്റെ പത്‌നിയാണ് ഉഷ. വാന്‍സിന്റെ തിരഞ്ഞെടുപ്പ് പ്രചാരങ്ങളിലുടനീളം ഉഷയുടെ സാന്നിധ്യമുണ്ടായിരുന്നു. വിജയം ഉറപ്പിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ ജെ ഡി വാന്‍സിന്റെയും ഉഷയുടെയും പേരുകള്‍ ഡോണള്‍ഡ് ട്രംപ്  പ്രത്യേകം പരാമര്‍ശിച്ചു എന്നതും ശ്രദ്ധേയമാണ്. ജെ ഡി വാന്‍സ് വൈസ് പ്രസിഡന്‍റ് സ്ഥാനമേറ്റെടുക്കുമ്പോൾ അമേരിക്കയുലെ ആദ്യ ഇന്ത്യന്‍ വംശജയായ സെക്കന്‍ഡ് ലേഡി എന്ന ഖ്യാതിയാകും ഉഷക്ക് സ്വന്തമാകുക.