വീണ്ടും ട്രംപ്; വ്യാപാര, നയതന്ത്ര മേഖലകളില്‍ കൂടുതല്‍ സഹകരണം പ്രതീക്ഷിച്ച് ഇന്ത്യ

By: 600007 On: Nov 6, 2024, 5:11 PM

 

ദില്ലി : അമേരിക്കന്‍ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ വ്യാപാര, നയതന്ത്ര മേഖലകളില്‍ കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുകയാണ് ഇന്ത്യ. ഇന്ത്യ- കാനഡ വിഷയത്തിലടക്കം ട്രംപ്  ഇടപെടല്‍ നടത്തുമോയെന്നും ഉറ്റുനോക്കപ്പെടുന്നു. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ആഗോള സമാധാനത്തിനായി ഒന്നിച്ച് നീങ്ങാമെന്നും ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.


നാല് വര്‍ഷം മുന്‍പാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചത്. നമസ്തേ ട്രംപെന്ന പേരില്‍ ഗുജറാത്തിലെ അഹമ്മാദാബാദില്‍ ട്രംപിന് വമ്പന്‍ സ്വീകരണമായിരുന്നു മോദി ഒരുക്കിയിരുന്നത്. ഹൗഡി മോഡിയെന്ന പേരില്‍ അമേരിക്കയില്‍ മോദിയെ ട്രംപ് വരവേറ്റതിന് പിന്നാലെയാണ് 2020 ഫെബ്രുവരിയില്‍ ട്രംപിനെ ഇന്ത്യ സ്വാഗതം ചെയ്തത്. പ്രസിഡന്‍റ് തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പ് നടന്ന ആ സ്വീകരണ പരിപാടിയില്‍ മോദി ട്രംപിന് വിജയാശംസകള്‍ നേരുകയും ചെയ്തു. രണ്ടാമത് അധികാരത്തിലെത്തുമ്പോള്‍ അന്നത്തേതടക്കം ചിത്രങ്ങള്‍ പങ്കുവച്ച് എന്‍റെ സുഹൃത്തിന് വിജയാശംസകളെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേര്‍ന്നത്. വ്യാപാര നയതന്ത്രമേഖലകളില്‍ കൂടുതല‍ സഹകരണം ഇന്ത്യ പ്രതീക്ഷിക്കുമ്പോള്‍ ആയുധ വില്‍പന, സാങ്കേതിക വിദ്യ കൈമാറ്റം, സംയുക്ത സൈനികാഭ്യാസം തുടങ്ങിയ മേഖലകളിലും മുന്നേറ്റം ഉണ്ടായേക്കാം.