കാനഡയിൽ വ്യാജ സ്മാർട്ട് ഫോൺ തട്ടിപ്പിന് ഇരയായി രണ്ട് പേർക്ക് പണം നഷ്ടമായതായി പരാതി. ഒൻ്റാരിയോ സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈനിലൂടെ സ്മാർട്ട് ഫോൺ വാങ്ങിയപ്പോൾ യഥാർത്ഥ കമ്പനിയുടേതിന് പകരം നിലവാരമില്ലാത്ത വ്യാജ മൊബൈൽ ലഭിച്ചു എന്നാണ് പരാതി.
രണ്ടായിരം ഡോളർ വില വരുന്ന Samsung Galaxy S24 ഫോൺ, 700 ഡോളറിനാണ് ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചിരുന്നത്. യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന ബില്ലുകളും ഇവർ നൽകിയിരുന്നു. പിന്നാലെയാണ് ഫോൺ പരിശോധിച്ചപ്പോൾ മൊബൈൽ വ്യാജനാണെന്ന് മനസ്സിലായതെന്ന് തട്ടിപ്പിന് ഇരയായ ഒൻ്റാറിയോ സ്വദേശി വ്യക്തമാക്കി. ഫേസ്ബുക്ക് മാർക്കറ്റ്പ്ലെയ്‌സ് ഓൺലൈനിലൂടെയാണ് ഫോൺ വാങ്ങിയത്. പഴയ ഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ശേഷം പുതിയ ഫോണുകൾ പോലെ തോന്നിക്കുന്ന കേസിംഗുകളിൽ ഇടുകയാണ് തട്ടിപ്പുകാർ ചെയ്യുക പതിവ്. ഒൻ്റാറിയോ സ്വദേശിക്കും ഇത്തരമൊരു ഫോണാണ് ലഭിച്ചതെന്നാണ് സൂചന. ഈ വ്യാജ ഫോണുകൾ ഉപയോഗിക്കുന്നത് കാരണം ഫോണിലെ ഡാറ്റകൾ സുരക്ഷിതമായേക്കില്ലെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ആമസോൺ അടക്കമുള്ള പോർട്ടലുകൾ വഴി റീഫർബിഷ്ഡ് ഫോണുകൾ വാങ്ങുന്നതാണ് പഴയ ഫോണുകൾ വാങ്ങുന്നതിന് ആശ്രയിക്കാവുന്ന മാർഗ്ഗമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു