കുതിച്ചുയര്‍ന്ന് ജനസംഖ്യ: ആല്‍ബെര്‍ട്ട നിയമസഭയിലേക്ക് രണ്ട് അധിക സീറ്റുകള്‍ കൂടി ചേര്‍ക്കാന്‍ പദ്ധതി; ബില്‍ അവതരിപ്പിച്ചു 

By: 600002 On: Nov 6, 2024, 11:08 AM

 


ആല്‍ബെര്‍ട്ടയില്‍ ജനസംഖ്യ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയമസഭയിലേക്ക് കൂടുതല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുമായി പ്രവിശ്യാ സര്‍ക്കാര്‍. ഇത് സംബന്ധിച്ച ബില്‍ ജസ്റ്റിസ് മിനിസ്റ്റര്‍ മിക്ക് അമേരി അവതരിപ്പിച്ചു. പുതിയ ബില്ലില്‍ ഇലക്ടറല്‍ ബൗണ്ടറീസ് കമ്മീഷന്‍ ആക്ട് ഭേദഗതിയാണ് മുന്നോട്ട് വെക്കുന്നത്. നിലവില്‍ 87 നിയോജകമണ്ഡലങ്ങളാണ് പ്രവിശ്യയിലുള്ളത്. 2027 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് അധിക ഇലക്ട്രല്‍ ജില്ലകള്‍ കൂടി രൂപീകരിച്ച് 89 നിയോജകമണ്ഡലങ്ങള്‍ ആക്കാനാണ് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നത്. 

നിലവിലുള്ള നിയമമനുസരിച്ച്, ആല്‍ബെര്‍ട്ടയിലെ ഓരോ ഇലക്ട്രല്‍ ഡിവിഷനിലെയും ജനസംഖ്യ എല്ലാ നിര്‍ദ്ദിഷ്ട ഇലക്ട്രല്‍ ഡിവിഷനുകളുടെയും ശരാശരി ജനസംഖ്യയേക്കാള്‍ 25 ശതമാനത്തില്‍ കൂടുതലോ കുറവോ ആയിരിക്കരുത്. പുതിയ നിയമമനുസരിച്ച്, നിയമനിര്‍മാണ സഭയില്‍ രണ്ട് അധിക പ്രതിനിധികള്‍ ഉണ്ടാകുന്നത് വോട്ടര്‍ പ്രാതിനിധ്യം മെച്ചപ്പെടുത്തുമെന്ന് അമേരി പറയുന്നു. ബില്‍ പാസായാല്‍, രണ്ട് പുതിയ ജില്ലകള്‍ സൃഷ്ടിക്കുന്നതിന് നിലവിലുള്ള നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ എവിടെയൊക്കെയായിരിക്കണമെന്ന് പഠിക്കാനും ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് അമേരി വിശദമാക്കി.