ബീസി ലോവര്‍ മെയിന്‍ലാന്‍ഡ് ഹൈവേ 1 ല്‍ ആഞ്ഞുവീശിയ കാറ്റില്‍ ട്രക്ക് മറിഞ്ഞുവീണ് അപകടം

By: 600002 On: Nov 6, 2024, 9:47 AM

 

ലോവര്‍ മെയിന്‍ലാന്‍ഡില്‍ ഹൈവേ 1 ല്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രക്ക് മറിഞ്ഞുവീണ് അപകടം. ചില്ലിവാക്ക് സ്വദേശിയായ എറിക് ഡിവി കാറ്റിന്റെ ആഘാതത്തില്‍ ഇടതുവശത്തെ പാതയിലേക്ക് മറിഞ്ഞുവീഴുന്ന ട്രക്കിന്റെ വീഡിയോ എക്‌സില്‍ പങ്കുവെച്ചിരുന്നു. അതിഭീകരമായാണ് ട്രക്ക് മറിഞ്ഞുവീഴുന്നതായി ദൃശ്യത്തില്‍ കാണുന്നത്. ആനിസ് റോഡ് ഓഫ് റാംപിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെ ട്രക്ക് മറിഞ്ഞതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് കോള്‍ ലഭിച്ചതായി ബീസി എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസ് പറഞ്ഞു. ഉടന്‍ സംഭവസ്ഥലത്ത് രണ്ട് ആംബുലന്‍സ് എത്തിച്ചിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നില്ലെന്നും ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. 

മേഖലയില്‍ ഭൂരിഭാഗം സമയവും വിന്‍ഡ് വാണിംഗ് നല്‍കിയിരുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കിയിരുന്നു.