കാനഡയിൽ മനുഷ്യക്കടത്ത് വർദ്ധിച്ചതായി റിപ്പോർട്ട് . കഴിഞ്ഞ പത്ത് വർഷത്തെ അപേക്ഷിച്ച് മനുഷ്യക്കടത്ത് വർദ്ധിച്ച് വരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ടിലാണുള്ളത്. 2013 മുതൽ 2024 വരെ പൊലീസ് കണക്കുകൾ പ്രകാരം 4500 മനുഷ്യക്കടത്ത് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
കണക്കുകൾ പ്രകാരം പൊലീസിൽ രജിസ്റ്റർ ചെയ്ത പകുതിയിലധികം കേസുകളും പരിഹരിക്കപ്പെട്ടിട്ടില്ല . പല കേസുകളിലും മതിയായ തെളിവുകളില്ലാത്തതിനാൽ അന്വേഷണം നീണ്ടു പോകുകയാണ്. കൂടുതൽ കേസുകൾ ഉണ്ടായത് 2018-19 കാലയളവിലാണ്. നോവ സ്കോഷ്യ , ഒൻ്റാറിയോ എന്നിവിടങ്ങളിലാണ് കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഔദ്യോഗിക കണക്കുകൾ ഏകദേശ രൂപം മാത്രമാണെന്നും, യഥാർത്ഥ കണക്കുകൾ ഇതിലും കൂടുമെന്നുമാണ് സ്‌റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണ്ടെത്തൽ. പൂർത്തിയായ പത്തിലൊന്ന് കേസുകളിൽ പ്രതികളെന്ന് കണ്ടെത്തിയവർ കുറ്റക്കാരെന്ന് വിധിച്ചിട്ടുണ്ട്. നാല് ശതമാനത്തോളം പേരെ കുറ്റവിമുക്തരാക്കിയപ്പോൾ കൂടുതൽ കേസുകളും സ്റ്റേ, റദ്ദാക്കൽ തുടങ്ങിയവയിലാണ് അവസാനിച്ചത്.