പോര്‍ച്ച് പൈറസി വര്‍ധിക്കുന്നു; മുന്നറിയിപ്പ് നല്‍കി ബാരി പോലീസ് 

By: 600002 On: Nov 5, 2024, 10:15 AM

 

നഗരത്തില്‍ പോര്‍ച്ച് പൈറസി വര്‍ധിക്കുന്നതായി ബാരി പോലീസിന്റെ മുന്നറിയിപ്പ്. സമീപ ആഴ്ചകളിലായി മോഷണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് ഏരിയകളില്‍ ഒക്ടോബര്‍ പകുതി മുതല്‍ നാല് മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മിക്ക മോഷണങ്ങളും ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. 

ഓണ്‍ലൈനില്‍ അവധിക്കാല ഓര്‍ഡറുകള്‍ നല്‍കാന്‍ തുടങ്ങുന്നതോടെ പോര്‍ച്ച് പൈറസി വര്‍ധിക്കുമെന്ന് ബാരി പോലീസ് സര്‍വീസസ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ പീറ്റര്‍ ലിയോണ്‍ മുന്നറിയിപ്പ് നല്‍കി. ചില സംഭവങ്ങളില്‍ ഡോര്‍ബെല്‍ ക്യാമറകളില്‍ നിന്നും മോഷണത്തിന്റെ ദൃശ്യങ്ങള്‍ ലഭിക്കാറുണ്ട്, ഇത് മോഷ്ടാക്കളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ ഇല്ലാത്ത പക്ഷം ഓര്‍ഡറുകള്‍ വീട്ടിലെത്തിയാല്‍ പാക്കേജ് സുരക്ഷിതമായി എടുക്കാന്‍ അയല്‍ക്കാരോട് ആവശ്യപ്പെടാമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.