മുൻ ഒഹായോ പോലീസ് ഉദ്യോഗസ്ഥൻ കൊലപാതകത്തിൽ കുറ്റകാരനാണെന്നു കോടതി

By: 600084 On: Nov 5, 2024, 5:53 AM

            പി പി ചെറിയാൻ ഡാളസ് 

ഒഹായോ:ഒഹായോയിലെ കൊളംബസിൽ നാല് വർഷം മുമ്പ് 2020 ഡിസംബർ 22 ന് ഒരു ഗാരേജിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ കറുത്തവർഗ്ഗക്കാരനായ ആന്ദ്രേ ഹില്ലിനെ (47)   കൊലപ്പെടുത്തിയ വെള്ളക്കാരനായ മുൻ പോലീസ് ഉദ്യോഗസ്ഥൻ 48 കാരനായ ആദം കോയിനെ തിങ്കളാഴ്ച കൊലപാതകത്തിന് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.

കൊലപാതകം, അശ്രദ്ധമായ നരഹത്യ, ക്രൂരമായ ആക്രമണം എന്നീ മൂന്ന് കേസുകളിലും  കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോയിക്കു ജീവപര്യന്തം തടവ് ശിക്ഷയാണ് ജൂറി നിർദേശിച്ചിരിക്കുന്നത്

പുലർച്ചെ 1:30 ഓടെ ഒരു വാഹനം ഓണാക്കുന്നതും ഓഫാക്കുന്നതും സംബന്ധിച്ചു  റിപ്പോർട്ടു ലഭിച്ചതിനെ  തുടർന്ന് സ്ഥലത്തെത്തിയ ശേഷമാണ് കോയ് ഹില്ലിന് നേരെ വെടിയുതിർത്തത്. മോഷണം നടക്കുന്നതായി കരുതുന്ന ഒരു വീടിൻ്റെ ഗാരേജിൽ നിന്ന് പുറത്തുകടക്കാൻ കോയ് ഹില്ലിനോട് ഉത്തരവിട്ടിരുന്നു.നാല് തവണ വെടിയുതിർത്തപ്പോൾ ഹിൽ ഒരു റിവോൾവർ കൈവശം വച്ചിരിക്കുകയാണെന്ന് താൻ തെറ്റിദ്ധരിച്ചുവെന്ന് വിചാരണയ്ക്കിടെ കോയ് മൊഴി നൽകി.ഹിൽ വീട്ടുടമയുടെ അതിഥിയാണെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി.

വെടിവയ്പ്പിന് തൊട്ടുപിന്നാലെ കൊളംബസ് പോലീസ് ഡിപ്പാർട്ട്മെൻ്റ് കോയിയെ പുറത്താക്കി, 2021 ൽ നഗരം ഹില്ലിൻ്റെ കുടുംബവുമായി 10 മില്യൺ ഡോളർ ഒത്തുതീർപ്പിലെത്തിയിരുന്നു .