ബ്രാംടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻവാദികളുടെ ആക്രമണം

By: 600007 On: Nov 4, 2024, 2:59 PM

 

ഓട്ടവയിലെ ബ്രാംടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻവാദികളുടെ ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുതിർന്നവർക്കുള്ള പെൻഷൻ അടക്കമുള്ള സേവനങ്ങൾ നല്കുന്നതിനായി ഇന്ത്യൻ കോൺസുലേറ്റ് അംഗങ്ങൾ ഇവിടെ സന്ദർശനം നടത്തിയിരുന്നു. കോൺസുലേറ്റ് ഉദ്യോസ്ഥരുടെ സാന്നിധ്യത്തിലാണ് പ്രതിഷേധവുമായി ഖാലിസ്ഥാൻ അനുകൂലികൾ എത്തിയത്. 

ആളുകൾ പരസ്പരം ഏറ്റുമുട്ടുന്നതും വടികൊണ്ട് തല്ലുന്നതുമെല്ലാം ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വീഡിയോയിലുണ്ട്. ഇതേ തുടർന്ന് അക്രമത്തെ അപലപിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. ഇത്തരം പതിവ് കോൺസുലാർ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിൽ നിരാശയുണ്ടെന്ന്  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ എംബസി വൃത്തങ്ങൾ അറിയിച്ചു. സുരക്ഷ സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങളിൽ നിന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമെ, ഇനി ഇത്തരം സന്ദർശനങ്ങൾ ഉണ്ടാവുകയുള്ളൂ എന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, കൺസർവേറ്റീവ് നേതാവ് പിയറി പൊയ്ലിവർ, തുടങ്ങിയവരും അക്രമത്തെ അപലപിച്ച് രംഗത്തെത്തി.