തീവ്രവാദത്തിന് തടയിടുന്നതിൻ്റെ ഭാഗമായി തീവ്രവാദികളെന്ന് സംശയിക്കുന്നവർക്കെതിരെ ഓൺലൈൻ നിരീക്ഷണം ശക്തമാക്കാൻ പൊലീസ്. വ്യാജ ഓൺലൈൻ പ്രൊഫൈലുകൾ ഉണ്ടാക്കി ഇത്തരക്കാരുമായി ഇടപഴകിയായിരിക്കും ഇവരെ നിരീക്ഷിക്കുക. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കാനഡയിൽ തീവ്രവാദ പ്രവർത്തനം കൂടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഓൺലൈൻ നിരീക്ഷണം ശക്തമാക്കാനുള്ള തീരുമാനം കഴിഞ്ഞ ഏപ്രിലിലാണ് എടുത്തതെന്നാണ് സൂചന. തീവ്രവാദ പ്രവർത്തനങ്ങള്‍ അക്രമങ്ങളിലേക്ക് കടക്കുന്നത് തടയിടാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാൽ ഓൺലൈൻ നിരീക്ഷണത്തിന് വ്യാജ ഓൺലൈൻ പ്രൊഫൈലുകൾ എന്ന തന്ത്രം വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഇത്തരം നടപടികൾ ചാർട്ടർ അവകാശങ്ങൾളുടെ ലംഘനമാകുമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഓൺലൈൻ അന്വേഷണങ്ങളിൽ RCMP മുമ്പും സ്വകാര്യത സംബന്ധിച്ച പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ തീവ്രവാദം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇത്തരം രഹസ്യ നടപടികൾ ആവശ്യമാണെന്നാണ് RCMPയുടെ നിലപാട്. ദേശീയ സുരക്ഷാ ഭീഷണികളെ നേരിടാൻ രഹസ്യ നടപടികൾക്ക് പുറമെ മറ്റ് പോലീസ് സേനകളുമായി ചേർന്ന് പ്രവർത്തിക്കാനും RCMP പദ്ധതിയിടുന്നുണ്ട് .