കാനഡയിൽ സിഖ് വിഭാഗക്കാർക്കെതിരെയുള്ള അതിക്രമത്തിനും അവരെ നിരീക്ഷിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് അനുമതി നൽകിയതെന്ന കാനഡയുടെ ആരോപണത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്വാൾ പറഞ്ഞു. ഇത്തരം നിരുത്തരവാദപരമായ നടപടികൾ ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ നയതന്ത്ര ഉദ്യോസ്ഥനെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചുള്ള കത്തും ഔപചാരികമായി കൈമാറി.
സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ട് അക്രമങ്ങൾ, രഹസ്യവിവര ശേഖരണം എന്നിവ നടക്കുന്നുവെന്നും ഇതിനു നിർദേശം നൽകിയത് അമിത് ഷായാണെന്നും വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വാഷിങ്ടൺ പോസ്റ്റിന് കൈമാറിയത് താനാണെന്ന് കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൻ ദേശീയ സുരക്ഷാ കമ്മിറ്റിക്കു മുന്നിൽ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് തങ്ങൾ ഇന്ത്യൻ സർക്കാരിനെയും ധരിപ്പിച്ചിരുന്നുവെന്ന് കനേഡിയൻ വൃത്തങ്ങൾ അറിയിച്ചിരുന്നു.