തെല്‍ അവിവ്: ഗസ്സയിലും ലബനാനിലും വെടിനിർത്തൽ സാധ്യത തള്ളി ഇസ്രായേൽ. ഗസ്സ ഭരിക്കാൻ ഹമാസിനെ അനുവദിക്കില്ലെന്നും ഹിസ്ബുല്ലയെ അതിർത്തിയിൽ നിന്ന് തുരത്തുമെന്നും ഇസ്രായേൽ നേതാക്കൾ വ്യക്തമാക്കി. ഗസ്സയുമായി ബന്ധപ്പെട്ട രഹസ്യരേഖ ചോർന്ന സംഭവത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 16,700ൽ ഏറെ കുട്ടികളാണ് കൊല്ലപ്പെട്ടത്.
ലബനാനിൽ ലിതാനി നദിക്കപ്പുറത്തേക്ക് ഹിസ്ബുല്ലയെ തുരത്തും വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചിരിക്കുകയാണ്. അതിർത്തി മേഖല സന്ദർശിച്ച ശേഷമാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം. വടക്കൻ അതിർത്തിയിൽ നിന്ന് മാറ്റി പാർപ്പിച്ച ജനങ്ങളെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ഭരണം നടത്താൻ ഇനിഹമാസിനെ അനുവദിക്കില്ലെന്നും ബദൽ സംവിധാനം കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യ രേഖ ചോർത്തിയതിന് നെതന്യാഹുവിന്‍റെ സഹായികൾ ഉൾപ്പെടെ ചിലർ അറസ്റ്റിലായ സംഭവം ഇസ്രായേലിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നു