ഹവായില്‍ സ്രാവിന്റെ ആക്രമണത്തില്‍ 61 വയസ്സുള്ള സര്‍ഫര്‍ക്ക് കാല്‍ നഷ്ടമായി 

By: 600002 On: Nov 4, 2024, 9:03 AM

 

ഹവായില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 61 വയസ്സുള്ള മൗയി സര്‍ഫര്‍ക്ക് കാല്‍ നഷ്ടമായി. വെള്ളിയാഴ്ച രാവിലെ വൈഹു ബീച്ച് പാര്‍ക്കില്‍ സര്‍ഫിംഗ് നടത്തുന്നതിനിടെയാണ് അതിദാരുണമായ സംഭവം നടന്നത്. സ്രാവ് കടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സര്‍ഫറെ രക്ഷിക്കാന്‍ സ്ഥലത്തെത്തിയ പോലീസ് ടൂര്‍ണിക്വറ്റ്‌സ് ഉപയോഗിച്ച് രക്തസ്രാവം നിയന്ത്രിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ വലത് കാല്‍ മുട്ടിന് താഴെയായി പൂര്‍ണമായും മുറിഞ്ഞുപോയതായി മൗയി കൗണ്ടി പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരുക്കേറ്റയാളെ മൗയി മെമ്മോറിയല്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ വലതുകാല്‍ മുറിച്ചുമാറ്റി. 

സര്‍ഫിംഗ് നടത്തുന്നതിനിടെ സ്രാവിനെ താന്‍ കണ്ടില്ലെന്ന് സര്‍ഫര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബീച്ച് പാര്‍ക്ക് അധികൃതര്‍ താല്‍ക്കാലികമായി അടച്ചിട്ടു. സന്ദര്‍ശകര്‍ ബീച്ചില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും വെള്ളത്തില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൗയി ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. 

ജൂണില്‍ പ്രശസ്ത സര്‍ഫര്‍ തമായോ പെറി ഒവാഹു തീരത്ത് സര്‍ഫിംഗ് നടത്തുന്നിതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.