4 ദിവസം, സ്ക്രീന്‍ കൗണ്ട് രണ്ടാമതും ഉയര്‍ത്തി 'ലക്കി ഭാസ്‍കര്‍'! കേരളത്തിലും വന്‍ ജനപ്രീതിയിലേക്ക്

By: 600007 On: Nov 3, 2024, 5:14 PM

 

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുള്ള ഇത്തവണത്തെ ശ്രദ്ധേയ ദീപാവലി റിലീസ് ആയിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്‍കര്‍. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ബഹുഭാഷാ മൊഴിമാറ്റ പതിപ്പുകളുമായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് എത്തിയത്. നിലവാരമുള്ള ഡബ്ബിംഗോടെയാണ് മലയാളത്തിലും ചിത്രം എത്തിയിരിക്കുന്നത്. ആദ്യദിനം മുതല്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്ന ചിത്രത്തിന് കേരളത്തിലും വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അതിന്‍റെ ഒരു പുതിയ തെളിവ് കൂടി പുറത്തെത്തിയിരിക്കുകയാണ്.


കേരളത്തിലെ സ്ക്രീന്‍ കൗണ്ട് രണ്ടാം തവണയും ഉയര്‍ത്തിയിരിക്കുകയാണ് ചിത്രം. ഒക്ടോബര്‍ 31 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യം റിലീസ് ചെയ്യപ്പെട്ടത് കേരളമെമ്പാടുമായി 175 സ്ക്രീനുകളില്‍ ആയിരുന്നു. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ മികച്ച അഭിപ്രായം നേടിയതോടെ ചിത്രത്തിന് ഡിമാന്‍ഡ് വര്‍ധിച്ചു. അതിനാല്‍ റിലീസ് ദിനത്തില്‍ തന്നെ 207 ലേക്ക് ചിത്രം സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ നാലാം ദിനമായ ഞായറാഴ്ച 240 ലേക്ക് എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ട്. ദുൽഖർ സൽമാന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 

വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഭാസ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. പിരീഡ് ക്രൈം ഡ്രാമയാണ് ചിത്രത്തിന്‍റെ ജോണര്‍.