അമേരിക്കയിലെ ഒറിഗോണിൽ പന്നിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമേരിക്കയിൽ ഇത് ആദ്യമായാണ് പന്നിയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഇത് ഭാവിയിൽ പക്ഷിപ്പനി മനുഷ്യർക്കും ഭീഷണിയാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഒറിഗോണിലെ ക്രൂക്ക് കൗണ്ടിയിൽ, ഒരു വീടിനോട് ചേർന്നുള്ള ഫാമിലാണ് അണുബാധയുണ്ടായത്. കഴിഞ്ഞയാഴ്ച ഫാമിലെ കോഴികളിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഈ ആഴ്ച നടത്തിയ പരിശോധനയിൽ ഫാമിലെ പന്നികളിൽ ഒന്നിനും രോഗബാധ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് ഫാം ക്വാറൻ്റൈനിലാക്കി അഞ്ച് പന്നികളെയും കൊന്നൊടുക്കി.ഇതൊരു വാണിജ്യ ഫാം അല്ലാത്തതിനാൽ രാജ്യത്തൊട്ടാകെയുള്ള പന്നിയിറച്ചി വിതരണവുമായി ബന്ധപ്പെട്ട് ആശങ്കയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫാമിൽ കൊന്നൊടുക്കിയ കോഴികളിലും യുഎസ്ഡിഎ ജനിതക പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതിൽ മനുഷ്യരിലേക്ക് പകരും വിധമുള്ള ജനിതകമാറ്റങ്ങളൊന്നും വൈറസിൽ കണ്ടെത്തിയിട്ടില്ല. അതിനാൽ പൊതുജനങ്ങൾ നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും യുഎസ്ഡിഎ വ്യക്തമാക്കി.
ടൈപ്പ് എ എച്ച് 5 എൻ 1 വിഭാഗത്തിൽപ്പെട്ട വൈറസ് ബാധയാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. ഇത് രാജ്യത്തൊട്ടാകെയുള്ള കാട്ടുപക്ഷികൾ,കോഴി,പശു തുടങ്ങി വിവിധ ജീവജാലങ്ങളിൽ വ്യാപകമായി പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഭാവിയിൽ മനുഷ്യരിലും ഇത് വ്യാപകമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്