കാനഡയിൽ തൊഴിൽ ഇൻഷുറൻസ് ആനുകൂല്യങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഏറുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ആനുകൂല്യം സ്വീകരിക്കുന്നപുരുഷന്മാരുടെ എണ്ണം കൂടുമ്പോൾ സ്ത്രീകളുടെ എണ്ണം കുറയുകയാണ്. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരാണ് ആനുകൂല്യം സ്വീകരിക്കുന്നവരിൽ ഏറെയുമെന്നാണ് കണക്കുകൾ പറയുന്നത്. സെപ്റ്റംബറിൽ 6.5 ശതമാനമായിരുന്നു കാനഡയിലെ തൊഴിലില്ലായ്മ നിരക്ക്. 25 വയസ്സിന് താഴെയുള്ള 5.7 ശതമാനം പുരുഷന്മാർ തൊഴിൽരഹിതരായി തുടരുമ്പോൾ സ്ത്രീകളിൽ ഇത് അഞ്ച് ശതമാനമാണ്.
കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഏകദേശം 33,000 പേരാണ് തൊഴിൽ ഇൻഷുറൻസ് (EI) ആനുകൂല്യങ്ങൾ കൈപ്പറ്റിയത്. തൊഴിൽ വിപണിയിലെ മാന്ദ്യമാണ് ഇതിന് ഒരു പരിധി വരെ കാരണം.മാത്രമല്ല ലഭ്യമായ തൊഴിലവസരങ്ങൾക്കായി ആവശ്യത്തിലേറെപ്പേർ രംഗത്തുള്ളത് മറ്റൊരു കാരണമാണ്. എന്തായാലും നിലവിലെ അവസ്ഥയിൽ സ്വയംവിലയിരുത്തലിന് തയ്യാറാകുന്നത് നല്ലതായേക്കുമെന്നാണ് എച്ച് ആർ വിദഗ്ധരുടെ പക്ഷം. തങ്ങൾക്ക് പ്രാഗല്ഭ്യമുള്ള മേഖലകൾ ഏതെന്ന് കണ്ടെത്തി, അവിടെ കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾക്കായി ശ്രമിക്കുന്നതടക്കം മാറ്റങ്ങൾക്ക് ശ്രമിക്കാവുന്നതാണെന്നും ഇവർ പറയുന്നു.