തൊഴിലാളി യൂണിയൻ്റെ പണിമുടക്ക് ആഹ്വാനത്തെ തുടർന്ന് ബ്രിട്ടീഷ് കൊളമ്പിയയിലെ തുറമുഖങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കുമെന്ന് ആശങ്ക. ഇൻ്റർനാഷണൽ ലോംഗ്‌ഷോർ ആൻഡ് വെയർഹൗസ് യൂണിയനും (ILWU) മാരിടൈം എംപ്ലോയേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. തർക്ക വിഷയങ്ങളിൽ ധാരണയായില്ലെങ്കിൽ നവംബർ നാലിന് സമരം തുടങ്ങിയേക്കും.
2023 മാർച്ചിൽ നിലവിലുണ്ടായിരുന്ന കരാറുകൾ അവസാനിച്ചതിനെ തുടർന്ന് ഇരു വിഭാഗങ്ങളും ചർച്ച നടത്തി വരികയായിരുന്നു. എന്നാൽ വിവിധ വിഷയങ്ങളിൽ അഭിപ്രായം ഭിന്നത രൂക്ഷമായതോടെ കഴിഞ്ഞ മൂന്ന് ദിവസമായി സർക്കാർ നിയോഗിച്ച മധ്യസ്ഥൻ്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ഇതിനിടെ തർക്ക പരിഹാരത്തിനുള്ള അവസാന ശ്രമമെന്ന നിലയിൽ വർദ്ധിച്ച വേതനം, ആനുകൂല്യങ്ങൾ, ബോണസ് എന്നിവ ഉൾപ്പെടുന്ന ഒരു പുതിയ ഓഫർ യൂണിയന് സമർപ്പിച്ചതായി BCMEA വ്യാഴാഴ്ച അറിയിച്ചു. എന്നാൽ പ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല. സമരം ഉണ്ടായാൽ 800 മില്യൺ ഡോളറിൻ്റെ പ്രതിദിന വ്യാപാരം തടസ്സപ്പെട്ടേക്കാം. ഇത് വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ രൂക്ഷമാക്കുകയും വിലവർധനയ്ക്ക് കാരണമാവുകയും ചെയ്യും. കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നതാണ് വെസ്റ്റ് കോസ്റ്റ് തുറമുഖങ്ങൾ . ഇവിടെയുണ്ടാകുന്ന പ്രശ്നങ്ങൾ, വിശ്വസനീയമായ വ്യാപാര പങ്കാളിയെന്ന കാനഡയുടെ ഖ്യാതിക്കും തിരിച്ചടിയാകും.