കനേഡിയന്‍ ഡോളര്‍ നാല് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തി

By: 600002 On: Nov 2, 2024, 11:50 AM

 

കനേഡിയന്‍ ഡോളര്‍ 2020 മുതല്‍ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഈ ആഴ്ച നാല് വര്‍ഷത്തിനിടെ ആദ്യമായി കനേഡിയന്‍ ഡോളര്‍ യുഎസ് ഡോളറിനേക്കാള്‍ 72 സെന്റിന് താഴെ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 72 സെന്റിന് താഴേക്ക് പോയതിന് ശേഷം ചൊവ്വാഴ്ച 71.89 ല്‍ ക്ലോസ് ചെയ്തു. ഫോറിന്‍ എക്‌സ്‌ചേഞ്ച് ടൂള്‍ എക്‌സ്ഇ പ്രകാരം വെള്ളിയാഴ്ച രാവിലെ വരെ കനേഡിയന്‍ ഡോളര്‍ 71.86 സെന്റിലാണ്. 

സാമ്പത്തിക കാഴ്ചപ്പാടുകളിലെ വ്യതിചലനവും പലിശനിരക്ക് തീരുമാനങ്ങളുമാണ് കനേഡിയന്‍ ഡോളറിന്റെ ഇടിവിലേക്ക് നയിക്കുന്നതെന്ന് ബീസി നോര്‍ത്ത് ബിഎംഒ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്‌റ്റെഫാനി പാട്രിജ് പറയുന്നു. കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയുടെ വീക്ഷണം യുഎസിനേക്കാള്‍ ദുര്‍ബലമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനസംഖ്യാവര്‍ധന, പാര്‍പ്പിടപ്രതിസന്ധി തുടങ്ങിയവയാണ് കനേഡിയന്‍ ഡോളറിന്റെ മൂല്യത്തെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍. 

യുഎസ് തെരഞ്ഞെടുപ്പും കനേഡിയന്‍ ഡോളറിനെ ഇപ്പോള്‍ സ്വാധീനിക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ കനേഡിയന്‍ കറന്‍സി 70 സെന്റില്‍ താഴെ ഇടിവ് നേരിടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.